പുല്‍വാമയിലുണ്ടായത് അപകടമെന്ന് ദിഗ്വിജയ് സിങ്; കോണ്‍ഗ്രസ്സ് നേതാവിനെതിരെ ബിജെപി രംഗത്ത്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച ദിഗ്വിജയ് സിങ്ങിനെതിരെ ബിജെപി രംഗത്ത്. ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ ആക്രമണവുമായ് ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് കോണ്‍ഗ്രസ്സ് നേതാവ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത്.

ബാലകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്, ഇവയെല്ലാം മോദി സര്‍ക്കാരിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്വിജയ് സിങ് പറയുന്നു. ഈ ട്വീറ്റുകള്‍ക്കിടെയാണ് ഭീകരാക്രമണത്തെ പുല്‍വാമ അപകടം എന്ന് വിശേഷിപ്പിച്ചത്.

ഇതിനെതിരായാണ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ‘സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഭീകരാക്രമണത്തെ ദിഗ്വിജയ് സിങ് വെറും അപകടമായി വിശേഷിപ്പിച്ചുവെന്നാണ് ബിജെപി പറയുന്നത്.

രാജീവ് ഗാന്ധിവധം അപകടമാണോ അതോ ഭീകരാക്രമണമാണോ എന്നാണ് ബിജെപി കേന്ദ്രമന്ത്രിയായ വി.കെ സിങ് ചോദിച്ചത്. കോണ്‍ഗ്രസിന് എന്തുപറ്റിയെന്ന് മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചത്. പൊതുവികാരത്തിനെതിരെ സംസാരിക്കുന്നു, സേനയെ അവിശ്വസിക്കുന്നു, ഇത്തരത്തില്‍ സേനയെ അവിശ്വസിക്കുന്ന രീതി ഒരു ജനാധിപത്യ രാജ്യത്തും ഉണ്ടാകില്ലെന്നും ജാവ്ദേക്കര്‍ പറഞ്ഞു.

Top