പുല്‍വാമ ഭീകരാക്രമണം; സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും അറിയിച്ചത്.

രാവിലെ 11 മണി മുതല്‍ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്‍വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തില്‍ രാജ്‌നാഥ് സിങ് ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി നേതാവ് ശരദ് പവാര്‍, സുദീപ് ബന്ദോപാധ്യായ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പസ്വാന്‍, പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച നിലപാടാണ് കോണ്‍ഗ്രസ് ഇന്നും ആവര്‍ത്തിച്ചത്. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Top