ആ കാപാലികനെ ന്യായീകരിച്ച് പിതാവ് രംഗത്ത്. . .

ശ്രീനഗര്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിലെ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ ന്യായീകരിച്ച് പിതാവ് രംഗത്ത്. ഒരു വര്‍ഷം മുമ്പ് സൈനികര്‍ മര്‍ദ്ദിച്ചതിലെ പ്രതികാരം ആകാം മകനെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്.

കശ്മീരിലെ ലെതിപോരാ ഗ്രാമത്തില്‍ നിന്നുള്ള ആദില്‍ അഹമ്മദ് ദര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് നിറയെ സ്ഫോടകവസ്തുക്കളുള്ള വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.തൊട്ടു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് ഇ മുഹമ്മദ് രംഗത്ത് വന്നിരുന്നു.

എല്ലാറ്റിനും കാരണം കശ്മീരിലെ പരിഹരിക്കാത്ത പ്രശ്നങ്ങളാണ്. 2016 ല്‍ സ്‌കൂളിലേക്ക് പോകും വഴി തന്റെ മകനെ സൈനികര്‍ തല്ലിച്ചതച്ച സംഭവം ഉണ്ടായിട്ടുണ്ട്. ” സ്‌കൂളിലേക്ക് പോകുമ്പോള്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ച് സിആര്‍പിഎഫ് ജവാന്മാര്‍ അവനെ തടയുകയും മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. അന്നുമുതല്‍ തീവ്രവാദി സംഘടനകളില്‍ ചേരാന്‍ ആദില്‍ ആഗ്രഹിച്ചു തുടങ്ങിയെന്നും ആദിലിന്റെ പിതാവ് ഗുലാം ഹസന്‍ ദര്‍ പറഞ്ഞു. മകന്‍ നഷ്ടമായ ഞങ്ങളെ പോലെ തന്നെ കൊല്ലപ്പെട്ട സൈനികരുടെ വേദനിക്കുന്ന കുടുംബങ്ങളെ ഓര്‍ത്തും ഞങ്ങള്‍ക്ക് വേദനയുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.മകനില്‍ ഇന്ത്യന്‍ സൈനികരോട് കടുത്ത വിരോധം ഉണ്ടാക്കിയത് സ്‌കൂളില്‍ പോയി മടങ്ങുന്ന സമയത്തെ ആ മര്‍ദ്ദനമായിരുന്നു എന്ന് മാതാവ് ഫഹ്മീദയും പറയുന്നു.

അതേസമയം മകന്‍ സൈനിക വ്യൂഹത്തെ ആക്രമിക്കാന്‍ പോകുന്ന വിവരം തങ്ങള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ ജയ്ഷെ യൂണിഫോമില്‍ തോക്കുധാരിയായി മകന്‍ നില്‍ക്കുന്ന തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോയിലുടെയാണ് ഇരുവരും മകന്‍ തീവ്രവാദി സംഘത്തില്‍ ചേര്‍ന്ന വിവരം പോലും അറിയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19 ന് കൂലിപ്പണിക്ക് പുറത്ത് പോയ ശേഷം ആദില്‍ തിരിച്ചു വന്നിട്ടില്ല. മൂന്ന് മാസങ്ങളോളം ആദിലിനായി വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ഈ ശ്രമം ഉപേക്ഷിച്ചു.

യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകുന്നതിന്റെ ഉത്തരവാദികള്‍ രാഷ്ട്രീയക്കാരാണെന്നും ഗുലാം ഹസന്‍ ദര്‍ പറഞ്ഞു. കശ്മീരില്‍ നില നില്‍ക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാത്തതിന്റെ പ്രശ്നമാണ് ഇതെന്നാണ് ഇയാള്‍ പറയുന്നത്. ഇന്ത്യന്‍ സൈനികരായാലും തങ്ങളുടെ മക്കളായാലും കശ്മീരില്‍ മരിച്ചുവീഴുന്നത് സാധാരണക്കാരാണെന്ന് ഹസന്‍ദര്‍ പറയുന്നു.

കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളില്‍ ഏറ്റവും അപകടകാരികളാണ് ജയ്ഷെ എന്നതാണ് വിലയിരുത്തല്‍. പുതിയതായി റിക്രൂട്ട് ചെയ്യുന്ന യുവാക്കളെ തീവ്രവാദി സംഘം സൈനികരുമായുള്ള ഏറ്റുമുട്ടലിനായി പരിശീലനം പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ നിയോഗിക്കുന്നതാണ് ജെയ്ഷെ ഇ മുഹമ്മദിന്റെ രീതി. ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ട ശേഷം ഒരു വര്‍ഷം മുമ്പായിരുന്നു ആദില്‍ തീവ്രവാദ ഗ്രൂപ്പില്‍ എത്തുന്നത്.

Top