എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്. . . ഇന്ത്യന്‍ സേനയ്ക്കു അഭിനന്ദനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രതികാരമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍.. ധീരരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top