വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ജമ്മുവില്‍ അനുശോചന പ്രകടനങ്ങള്‍

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ജമ്മുവില്‍ പലയിടത്തും അനുശോചന പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മെഴുകുതിരികള്‍ തെളിയിച്ചും ജാഥ നടത്തിയും വിവിധ രാഷ്ട്രീയ-സാമൂഹിക-സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.

ജമ്മു-കശ്മീര്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. ലീല കരണ്‍ ശര്‍മ ഉള്‍പ്പെടെ മുതിര്‍ന്ന വിഎച്ച്പി നേതാക്കള്‍ അടിയന്തര അനുശോചന യോഗം സംഘടിപ്പിക്കുകയും വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. ജവാന്മാരോടുള്ള ആദരസൂചകമായി ജമ്മുവില്‍ വിഎച്ച്പി ഇന്ന് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

മുന്‍മന്ത്രിയും ദോഗ്ര സദര്‍ സഭയുടെ പ്രസിഡന്റുമായ ഗുല്‍ചെയ്ന്‍ സിങ് ചരക് സംഭവത്തില്‍ ഞെട്ടലും ഖേദവും രേഖപ്പെടുത്തി. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഭീകരര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചരക് ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Top