പുല്‍വാമ അക്രമണം; തന്നോട് സഹായം ചോദിച്ചിരുന്നതായി ജെയ്ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ്

terrorisam

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ജെയ്ഷെ ഭീകരന്‍. യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ് താന്ത്രെയാണ് ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി സമ്മതിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദസ്സിര്‍ ഖാന്‍ തന്നോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും നിസാര്‍ അഹമ്മദ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

2017 ല്‍ സി.ആര്‍.പി.എഫ്. ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് നിസാര്‍ അഹമ്മദ് താന്ത്രെ. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശത്തേക്ക് കടന്ന ഇയാള്‍ യു.എ.ഇ.യില്‍ വെച്ച് പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

ഇന്ത്യയിലെത്തിച്ച നിസാര്‍ അഹമ്മദിനെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് മുദസ്സിര്‍ ഖാന്‍ നിസാര്‍ അഹമ്മദുമായി ബന്ധപ്പെട്ടത്.

പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് മുദസ്സിര്‍ ഖാന്‍ നിസാര്‍ അഹമ്മദിനെ അറിയിച്ചിരുന്നു. ഇതിനായി സഹായം നല്‍കണമെന്നും നേരത്തെ കശ്മീര്‍ താഴ്വരയില്‍ ജെയ്ഷെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന നിസാര്‍ അഹമ്മദിനോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഫെബ്രുവരി 14-ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് നിസാര്‍ അഹമ്മദ് പറയുന്നു. എന്നാല്‍ ഈ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിട്ടില്ല. ആക്രമണത്തിനു ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്തേക്ക് കടന്ന ഇയാള്‍ക്ക് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും പിടിക്കപ്പെടാതിരിക്കാനാണ് യു.എ.ഇ.യിലേക്ക് കടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Top