വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി ; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

ലക്കിടി : കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി.

വസന്തകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാത്രി പത്തൊടെ തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്.

വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചക്ക് രണ്ടരയോടെ മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച്‌ നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.

Top