പുല്‍വാമ ആക്രമണം;ജയ്‌ഷെ ഭീകരര്‍ക്ക് സഹായിയായത് ഇന്‍ഷാ ജാന്‍ എന്ന 23കാരി

ജമ്മു: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് സഹായിയായത് ഇന്‍ഷാ ജാന്‍ എന്ന 23കാരിയെന്ന് കുറ്റപത്രം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ കൊല്ലപ്പെട്ട മൊഹ്ദ്ഉമര്‍ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഇന്‍ഷായ്ക്കുണ്ടായത് അടുത്ത ബന്ധമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുവരും കൈമാറിയ ഫോണ്‍ സന്ദേശങ്ങളെക്കുറിച്ചും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇന്‍ഷാ ജാനിന്റെ പിതാവ് താരിഖ് പിര്‍നും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. ഒന്നിലേറെ തവണ ഭീകരരെ വീട്ടില്‍ പാര്‍പ്പിക്കുകയും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുകയം ചെയ്തു. നിരോധിത ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ അടക്കം 19 പേരാണ് പ്രതികള്‍. മസൂദ് അസ്ഹറിന്റെ അനന്തരവനാണ് ഉമര്‍ ഫാറൂഖ്.

മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുല്‍ റൗഫ്, അമ്മാര്‍ അല്‍വി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാര്‍. 2019 ഫെബ്രുവരി 24നാണ് ജവാന്മാര്‍ സഞ്ചരിച്ച ബസിലേക്കു സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തില്‍ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാര്‍ ഉള്‍പ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ സംഭവങ്ങളില്‍ പിടിയിലായ ഭീകരരില്‍ നിന്നും അവര്‍ക്ക് ഒളിത്താവളങ്ങള്‍ നല്‍കിയവരില്‍ നിന്നും കിട്ടിയ മൊഴികളും ചാവേര്‍ ആദില്‍ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി.

ഈ തെളിവുകളെല്ലാം എന്‍ഐഎ ജോയിന്റ് ഡയറക്ടര്‍ അനില്‍ ശുക്ല സമര്‍പ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

Top