പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. വ്യാഴാഴ്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 39 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക്ക്‌ സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചത്.

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് സൊഹൈലിനോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന വാദവുമായി പാക്ക്‌ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. വയനാട് സ്വദേശിയായ വി വി വസന്ത് കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക്‌ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു

തീവ്രവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് നല്‍കിയ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Top