പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ജാമ്യത്തില്‍ വിട്ടയച്ചു

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ പ്രതീഷിനെ, ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ക്രിമിനല്‍ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. എന്നാല്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോവുകയായിരുന്നു.

തുടര്‍ന്ന് പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള രേഖകള്‍ പ്രകാരം ഹര്‍ജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിന് പ്രതീഷ് ചാക്കോ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചതിനാല്‍, നടപടികള്‍ കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടം 41 എ (2) അനുസരിച്ച്, ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതു കോടതി രേഖപ്പെടുത്തിയിരുന്നു.

Top