ലോഹിതദാസ് മലയാള സിനിമക്ക് സമ്മാനിച്ച യുവനടിയും ‘സമാനമായി’ ആക്രമിക്കപ്പെട്ടു ?

കൊച്ചി: മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകന്‍ ലോഹിതദാസ് വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ യുവനടിക്കെതിരെയും സമാന ആക്രമണം.

പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട യുവനടിക്ക് നേരെ രണ്ടു വര്‍ഷം മുന്‍പാണ് അക്രമണം നടന്നത്. സംഭവത്തിനു ശേഷം നടി ആകെ പേടിച്ചു പോയതായാണ് പൊലീസിന് ലഭിച്ച വിവരം.

നടിയില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്നതിനെ കുറിച്ചും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതിനെ കുറിച്ചുമാണ് പൊലീസ് പ്രധാനമായും ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

ഇത്തരം സംഭവങ്ങള്‍ നിരവധി നടന്നിട്ടുണ്ടെന്ന നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പള്‍സര്‍ സുനി നടി മേനകയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് നേരത്തെ അവരുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ തന്നെ ആരോപണമുന്നയിച്ചിരുന്നു. അന്ന് സുരേഷ് കുമാറിന്റെ ഇടപെടലാണ് സുനിയുടെ പദ്ധതി പൊളിച്ചിരുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പ് പലര്‍ക്കും നേരെ നടന്നിട്ടുണ്ടാകാമെന്നും മാനഹാനി ഭയന്ന് പലരും പുറത്തു പറയാതിരിക്കുന്നതാകാമെന്നുമാണ് പൊലീസ് നിഗമനം.

പുതുതായി ലഭിച്ച വിവരത്തിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ അത് നിലവില്‍ പുനരന്വേഷണം നടത്തുന്ന കേസില്‍ വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

Top