pulsar cs 400 next month

ന്യൂഡല്‍ഹി: ബജാജിന്റെ ജനപ്രിയ ബൈക്ക് പള്‍സറിന്റെ കരുത്തു കൂടിയ വകഭേദം അടുത്ത മാസം വിപണിയിലെത്തും.

പള്‍സര്‍ സിഎസ് 400 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ അവതരണം സെപ്റ്റംബര്‍ അവസാനത്തോടെ നടക്കുമെന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.

ഡ്യൂക്കാറ്റിയുടെ ഡയവെല്ലിനോട് സാമ്യം തോന്നുന്ന രൂപമാണ് ബൈക്കിന്. ക്രൂയിസര്‍ സ്‌പോര്‍ട് എന്ന കമ്പനി വിശേഷിപ്പിക്കുന്ന ബൈക്കിന്റെ കണ്‍സെപ്റ്റ് കമ്പനി 2014 ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

ബജാജിന്റെ ഓസ്ട്രിയന്‍ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആര്‍സി 390 തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 373.4 സിസി എന്‍ജിനാണ് പള്‍സര്‍ 400 ഉപയോഗിക്കുന്നത്.

സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എന്‍ജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ ബൈക്കിന്റെ മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ എബിഎസുമാണുള്ളത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എല്‍സിഡി ഡിസ്‌പ്ലെ യൂണിറ്റ്, അലോയ് വീലുകള്‍, സ്‌പോര്‍ടി എക്‌സോസ്റ്റ്, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നീ സവിശേഷതകളും പള്‍സര്‍ 400 സിഎസിലുണ്ടാകും.

ഡ്യൂക്ക് 390 യുടെ അതേ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാള്‍ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

Top