പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ.കെ.ഏബ്രഹാമിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കല്‍പറ്റ: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കെ.കെ.ഏബ്രഹാമിന്റെയും ഇടനിലക്കാരന്‍ സജീവന്‍ കൊല്ലപ്പള്ളിയുടെയും ബാങ്കിന്റെ മുന്‍ ഭാരവാഹികളുടെയും അടക്കം 4.34 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കഴിഞ്ഞ ദിവസം കേസില്‍ ഒന്നാം പ്രതിയായ ഏബ്രഹാമിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേസ്. തട്ടിപ്പിനിരയായ കര്‍ഷകന്‍ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെ പ്രതിഷേധം വ്യാപകമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റായ കെ.കെ.ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി. രമാദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇ.ഡിയുടെ അറസ്റ്റ്. അറസ്റ്റിലായ ഇടനിലക്കാരന്‍ കൊല്ലപ്പള്ളി സജീവന്‍ ഇപ്പോഴും റിമാന്‍ഡിലാണ്. 10 പേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയിലും കേസുണ്ട്. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു കെ.കെ.ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

Top