പുൽപ്പള്ളി പ്രതിഷേധം; മൂന്ന് പേർ കൂടി അറസ്റ്റിൽ

യനാട് കാട്ടാന ആക്രമണത്തിൽ പാക്കം സ്വദേശി പോൾ കൊല്ലപ്പെട്ടതിന് പിന്നാലെ പുൽപ്പള്ളിയില്‍ നടത്തിയ പ്രതിഷേധത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പാക്കം ഭഗവതിപറമ്പിൽ ബാബു, പാടിചിറ ഉറുമ്പിൽകരോട്ട് ഷെബിൻ തങ്കച്ചൻ, പാടിചിറ കരോട്ട് ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. ന്യായവിരുദ്ധമായി സംഘം ചേരൽ, ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പോളിന്റെ മരണത്തിന് പിന്നാലെയുണ്ടായ ജനരോഷം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതിൽ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

Top