മലപ്പുറത്ത് ലീഗ് ബഹിഷ്ക്കരണത്തിന് ‘പുല്ലുവില’ തരംഗമായി നവകേരള സദസ്സ് , സംഘാടകരുടെ കണക്ക് കൂട്ടലിനും അപ്പുറമുള്ള ജനസാഗരം

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലും നവകേരള സദസ്സിന് മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ ലഭിച്ചത് വമ്പന്‍ സ്വീകരണം. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും, സംഘാടകരെ പോലും അത്ഭുതപ്പെടുത്തിയ ജനകൂട്ടമാണ് ഇരമ്പിയെത്തിയത്. വലിയ പ്രതിഷേധങ്ങള്‍ക്ക് യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ആഹ്വാനം ചെയ്‌തെങ്കിലും കാര്യമായ ഒരു പ്രതിഷേധവും നേരിടാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് മന്ത്രി സംഘം പര്യടനം നടത്തുക. ഇതുവരെയുളള നവകേരള സദസ്സുകള്‍ വിലയിരുത്തുമ്പോള്‍ ജനപങ്കാളിത്വത്തില്‍ വമ്പന്‍ വിജയമാണ് ഉണ്ടായിരിക്കുന്നത്. പരാതികളില്‍ തീരുമാനങ്ങളും ദ്രുതഗതിയില്‍ വന്നു തുടങ്ങിയത് ഇനിയുള്ള ദിവസങ്ങളില്‍ പരാതികള്‍ കൂടുതലായി പ്രവഹിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവകേരള സദസ്സ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ പരിപാടി മാത്രമാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ജനപങ്കാളിത്വമാണ് കാസര്‍ഗോഡ് മുതല്‍ പ്രകടമായിരിക്കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും സ്വാഭാവികമായും നല്ല രൂപത്തില്‍ തന്നെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അതിലും എത്രയോ ഇരട്ടി സാധാരണക്കാര്‍ മന്ത്രിപ്പടയെ കാണാന്‍ എത്തുന്നുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. നിഷ്പക്ഷര്‍ എന്നു വിളിക്കപ്പെടുന്ന ഈ വിഭാഗത്തിന്റെ പങ്കാളിത്വമാണ് പ്രതിപക്ഷത്തെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സര്‍ക്കാര്‍ എടുത്ത ഏറ്റവും തന്ത്രപരമായ കരുനീക്കമായാണ് നവകേരള സദസ്സിനെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. രാജ്യ ചരിത്രത്തില്‍ എന്നല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ ഒന്നടങ്കം ഇത്തരമൊരു പര്യടനം നടത്തുന്നത്. ലോക ചരിത്രത്തില്‍ ആദ്യമായി വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റുകളെ അധികാരത്തില്‍ എത്തിച്ച കേരളം മറ്റൊരു ചരിത്രം രചിക്കുമ്പോള്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഈ യാത്രയ്ക്ക് പ്രസക്തി ഏറെയാണ്.

കേരളത്തിലെ ഇടതുപക്ഷമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കുന്തമുനയായി നിലകൊള്ളുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെങ്കിലും ഭരണത്തില്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. അതു കൊണ്ടു തന്നെ, ഉത്തരവാദിത്വവും ഏറെയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശബ്ദം ഉറപ്പു വരുത്തുന്നതില്‍ , നിര്‍ണ്ണായക പങ്കു വഹിക്കേണ്ടതും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളമാണ്. പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും പുറമെ, ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഇത്തവണ ഇടതുപക്ഷം കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നും 14 സീറ്റുകളില്‍ കുറയാതെ നേടാനാണ് ഇടതു ശ്രമം. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, കോട്ടയം, പത്തനംതിട്ട , ആലപ്പുഴ, മൂവാറ്റുപുഴ, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ വലിയ വിജയ പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. മിടുക്കരായ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ ഈ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. നിലവിലെ ഏക എം.പിയായ എ.എം.ആരിഫ്, ഇത്തവണയും ആലപ്പുഴയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ആലപ്പുഴ മുന്‍ എം.പിയായ കെ.സി വേണുഗോപാല്‍ , ആലപ്പുഴയില്‍ മത്സരിക്കണമന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തോല്‍ക്കുമെന്നു ഭയമുള്ളതിനാല്‍ കെ.സി ഇതുവരെ പിടികൊടുത്തിട്ടില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഒരുകൈ നോക്കാമെന്നതാണ് കെ.സിയുടെ മനസ്സിലിരിപ്പ്. എന്നാല്‍ ഇത്തവണയും അമേഠി സുരക്ഷിതമല്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് ആലോചിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടില്‍ മത്സരിച്ചാലും കഴിഞ്ഞ തവണ നേടിയ 19 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കില്ല. നവകേരള സദസ്സ് ഇടതുപക്ഷത്തിന് കൂടുതല്‍ ലോകസഭ സീറ്റുകള്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ്സ് ഭയക്കുന്നത്. ഈ ഭയം മുസ്ലീംലീഗിലും ശക്തമാണ്. ലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ ലീഗ് തന്നെ വിജയിക്കുന്ന ചരിത്രം ഇത്തവണ തിരുത്തപ്പെടുമോ എന്നതാണ് ലീഗിന്റെ ഭയം. പൊന്നാനിയിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം, കേവലം പതിനായിരത്തില്‍ താഴെ മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിലെ ലീഗിന്റെ ഭൂരിപക്ഷം. കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ എളുപ്പത്തില്‍ ഇടതുപക്ഷത്തിന് മറികടക്കാവുന്ന ഭൂരിപക്ഷമാണിത്. നവകേരള സദസ്സില്‍ പൊന്നാനി ലോകസഭ മണ്ഡലത്തില്‍പ്പെട്ട എല്ലാ മണ്ഡലങ്ങളിലും വലിയ ജനപ്രാധിനിത്യം ഉണ്ടായത് , ഒരു മാറ്റത്തിന്റെ സൂചനയായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത പരിപാടിയാണ് , ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വന്‍ വിജയമായി മാറിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി വീണാല്‍ , അതോടെ ലീഗിന്റെ ചിറകാണ് ഒടിയുക. മുന്‍പ് ഇന്നത്തെ മലപ്പുറം ലോകസഭമണ്ഡലം മഞ്ചേരി മണ്ഡലമായിരുന്ന കാലത്ത് ടി.കെ ഹംസയിലൂടെ ലീഗിനെ അട്ടിമറിച്ച ഇടതുപക്ഷത്തിന് അക്കാലത്ത് പോലും പൊന്നാനിയില്‍ ഒരു ഭീഷണിയും ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ആ പൊന്നാപുരം കോട്ടയാണിപ്പോള്‍ ഇടതുപക്ഷം ഉലച്ചു കൊണ്ടിരിക്കുന്നത്. പൊന്നാനി കൈവിട്ടാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ലീഗ് പിളരാനാണ് സാധ്യത.

ഇപ്പോള്‍ തന്നെ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും ഇടതിന് അനുകൂലമായ ചില ചലനങ്ങള്‍ വരുന്നുണ്ട്. ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ മരുമകന്‍ തന്നെ നവകേരള സദസ്സില്‍ പങ്കെടുത്തത് ഇതിന്റെ ഭാഗമാണ്. പൊന്നാനിയില്‍ തോറ്റാല്‍ ഈ ചലനങ്ങളാണ് കൂടുതല്‍ ശക്തമാവുക. ലീഗിലെ ഒരുവിഭാഗം, അത്തരമൊരു ഘട്ടത്തില്‍ ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. കോണ്‍ഗ്രസ്സിന് എത്ര സീറ്റുകള്‍ നഷ്ടമായാലും അതിനേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുക ലീഗിന് പൊന്നാനി നഷ്ടമായാലാണ്. 16 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള മലപ്പുറം ജില്ലയില്‍ പതിനൊന്ന് സീറ്റുകളും നിലവില്‍ ലീഗിന്റെ കൈവശമാണുള്ളത്. ഒരു സീറ്റ് കോണ്‍ഗ്രസ്സിനും ബാക്കിയുള്ള 4 സിറ്റുകള്‍ ഇടതുപക്ഷത്തിനുമാണുള്ളത്. ഇതില്‍ പെരിന്തല്‍മണ്ണ ഉള്‍പ്പെടെ പലമണ്ഡലങ്ങളിലും ലീഗിന് വളരെ ചെറിയ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. പൊന്നാനി ലോകസഭ മണ്ഡലം നഷ്ടമായാല്‍ ഈ കണക്കുകളിലും മാറ്റം വരും. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് അതോടെ മുസ്ലീംലീഗിനു നേരിടേണ്ടി വരിക. അതാകട്ടെ, അവരെ വല്ലാതെ ഭയപ്പെടുത്തുന്നുമുണ്ട്.

Top