പ്രകടനത്തില്‍ ഞെട്ടിക്കാന്‍ വീണ്ടും ഇന്ദ്രന്‍സ്; ‘പുള്ളി’ ടീസര്‍

സമീപകാലത്ത് ക്യാരക്റ്റർ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രൻസ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങൾ കൂടാതെ മലയാളത്തിലെ പ്രധാന പ്രോജക്റ്റുകളിലൊക്കെ ഇന്ദ്രൻസിന് ഇപ്പോൾ വേഷമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന ഒരു പുതിയ ചിത്രം പ്രദർശനത്തിനെത്തുകയാണ്. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുള്ളി എന്നാണ് പേര്. ദേവ് മോഹൻ ആണ് നായകൻ. ചിത്രത്തിൻറെ ടീസർ പുറത്തെത്തി.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ ആണ് നിർമ്മാണം. ദേവ് മോഹനും ഇന്ദ്രൻസിനുമൊപ്പം കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. നവംബർ ആദ്യം ആഗോള റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ.

ഛായാഗ്രഹണം ബിനുകുര്യൻ, എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ട്രൈലെർ, ടീസർ, സ്പെഷൽ ട്രാക്‌സ് മനുഷ്യർ, ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്. ഈ വർഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ഇന്ദ്രൻസ് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പട, പുഴു, ഉടൽ, പാൽതു ജാൻവർ എന്നിവയാണ് അവ.

Top