pulimurukan and cabali realise date changed

ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലിയുടെയും മോഹന്‍ലാലിന്റെ പുലിമുരുകന്റെയും റിലീസ് വീണ്ടും മാറി.

പുതുക്കിയ തീയതി അനുസരിച്ച് കബാലി ജൂലായ് 15ന് അയ്യായിരത്തോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ജൂലായ് ഒന്നിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. ജൂലായില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.

ഇതിനിടെ കാബാലിയിലെ പാട്ടുകള്‍ പുറത്തു വന്നു, ചെന്നൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഓഡിയോ പ്രകാശനം. അവതരണ ഗാനമുള്‍പ്പടെ നാലു പാട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

പാട്ടുകള്‍ക്ക് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ഓഡിയോ റിലീസ് ആഘോഷപൂര്‍വം നടത്താനിരുന്നതാണെങ്കിലും രജനീകാന്ത് അവധി ആഘോഷിക്കാന്‍ യു.എസില്‍ പോയതിനാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധികാ ആപ്‌തെയാണ് നായിക. ദിനേശ്, രവി, കലൈയരശന്‍, ജോണ്‍ വിജയ്, ധന്‍സിക എന്നിവരാണ് കബാലിയിലെ മറ്റ് പ്രധാന താരങ്ങള്‍.

അതേസമയം മോഹന്‍ലാലിന്റെപുലിമുരുകന്‍ മുമ്പ് നിശ്ചയിച്ചിരുന്ന ചില തീയതികള്‍ മാറ്റിയാണ് ആഗസ്റ്റില്‍ റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടമാണ്.

ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. തമിഴ് താരം പ്രഭു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമുരുകന്റെ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പീറ്റര്‍ഹെയ്‌നാണ്.

Top