Pulimurugan: Mohanlal’s brilliance alone will ensure a great box office ride

കൊച്ചി : അന്‍പത്തിയാറാം വയസ്സിലും ചെറുപ്പത്തിന്റെ ആവേശത്തോടെ പുലിമുരുകനില്‍ മോഹന്‍ലാല്‍ കാഴ്ചവച്ചത് അസാധ്യമായ പ്രകടനം.

മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു നടനും ഈ പ്രായത്തില്‍ ഇത്തരമൊരു അഭിനയം കാഴ്ചവയ്ക്കാന്‍ പറ്റില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പുലിവേട്ടക്കിറങ്ങുന്ന ലാലിന്റെ പ്രകടനത്തെ കേവലം അഭിനയമായി മാത്രം കാണാന്‍ സാധിക്കുന്നതല്ല. വില്ലുപോലെ വളയുന്ന കഥാപാത്രത്തിന്റെ രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അഭിനയിച്ച് തകര്‍ത്തത്. അതുപോലെ തന്നെ ക്ലൈമാക്‌സില്‍ ലോകനിലവാരത്തില്‍ പയറ്റി തെളിഞ്ഞ സ്റ്റണ്ട് ടീമുമായുള്ള ഏറ്റുമുട്ടലും അസാധ്യം തന്നെ.

സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെങ്കിലും ഒരു നിമിഷംപോലും ബോറടിക്കാതെ പ്രേക്ഷകരെ മുന്നോട്ട് കൊണ്ട് പോകുന്നത് ലാല്‍ എന്ന മഹാനടന്റെ അഭിനയമികവ് തന്നെയാണ്. അടുത്തയിടെ പുറത്തിറങ്ങിയ ലാലിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ദൃശ്യത്തിന്റെയും ഒപ്പത്തിന്റെയും മാത്രമല്ല മലയാള സിനിമാ ചരിത്രത്തിലെ തന്നെ പുതിയ ഒരു കളക്ഷന്‍ റിക്കാര്‍ഡായിരിക്കും പുലിമുരുകന്‍ തീര്‍ക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഒരു പക്ഷേ നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ മലയാള ചിത്രമായിരിക്കുമിത്.

തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും നിറഞ്ഞ് കവിഞ്ഞ ജനങ്ങളുടെ കരഘോഷങ്ങളും സൂചിപ്പിക്കുന്നത് അതാണ്. ലാലിന്റെ അഭിനയ സാധ്യത ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.

സിനിമയുടെ മേക്കിംങ്ങും ഗ്രാഫിക്‌സും സ്റ്റണ്ട് രംഗങ്ങളുമെല്ലാം ലോക നിലവാരത്തോട് കിടപിടിക്കുന്നതാണ്. പുലിയോട് നേരിട്ട് ഏറ്റുമുട്ടുന്ന രംഗങ്ങള്‍ മോഹന്‍ലാല്‍ അഭിനയിച്ച് ഫലിപ്പിച്ചത് പോലെ എന്തായാലും മലയാളത്തില്‍ മറ്റൊരു നടനും സാധിക്കുകയില്ല. ദേശീയ തലത്തില്‍പോലും ഈ വെല്ലുവിളി ഏറ്റെടുക്കുന്ന നടന്മാര്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നവരായിരിക്കും.

നിരവധി തവണ രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച ഈ മഹാ നടന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി പുലിമുരുകന്‍ മാറുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗം ചിത്രത്തില്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന ഗ്രാഫിക്‌സ് മികവോടെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യംതന്നെയാണ്. പുലിയുടെ വരവും ആക്രമണവുമെല്ലാം ഒറിജിനലായി തന്നെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുത്താന്‍ കഴിഞ്ഞുവെന്നതില്‍ ചിത്രത്തിലെ അണിയറക്കാര്‍ക്ക്
അഭിമാനിക്കാം.

സ്ത്രീകളെയും കുട്ടികളെയുമടക്കം എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ചിത്രമായതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകാനാണ് സാധ്യത. ഇപ്പോള്‍ തന്നെ ചിത്രം കാണാന്‍ വന്ന ആളുകളുടെ എത്രയോ ഇരട്ടിപേരാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്.

 pulimurugan

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ആരാണ് സൂപ്പര്‍സ്റ്റാര്‍ എന്ന ചോദ്യം ഇനി ആരും ഉയര്‍ത്തേണ്ടതില്ലെന്നും, എന്നും സൂപ്പര്‍സ്റ്റാര്‍ ലാല്‍ തന്നെ ആയിരിക്കുമെന്നതിന്റെ ഒരു മറുപടി കൂടി പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് പുറത്ത് ഇരമ്പുന്ന ജനങ്ങള്‍ നല്‍കുന്നുണ്ട്.

താര രാജാവിന് വേട്ടക്കാരന്റെ പട്ടവും ചാര്‍ത്തിക്കൊടുത്ത് ആര്‍പ്പ് വിളികളോടെ തിയേറ്റര്‍ വിടുന്നവരുടെ ദൃശ്യം കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്. ലാലിന്റെ പിന്‍ഗാമികളാവാന്‍ മത്സരിക്കുന്ന ദിലീപ്‌, പൃഥിരാജ്, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും… താര സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍…

Top