ആന്‍ഡേഴ്സണ് മുന്നില്‍ പന്ത്രണ്ടാം തവണയും വീണ് പൂജാര

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ചേതേശ്വര്‍ പൂജാരയായിരുന്നു. 46 പന്തില്‍ 13 റണ്‍സെടുത്ത് മികച്ച പ്രതിരോധത്തിന്റെ സൂചന നൽകിയ പൂജാര ആന്‍ഡേഴ്സണ്‍ന് മുന്നിൽ വീണു. ടെസ്റ്റില്‍ ഇത് 12ാം തവണയാണ് പൂജാര ആന്‍ഡേഴ്സൺന് മുന്നില്‍ വീഴുന്നത്. സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിൽ കുടുങ്ങിയാണ് പൂജാര പുറത്തായത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്ന പൂജാര ഇംഗ്ലണ്ടിനെതിരെ തിളങ്ങുമെന്നായിരുന്നു ആരാധക പ്രതീക്ഷ.

ടെസ്റ്റില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവുന്ന ബാറ്ററെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും പൂജാരയുടെ പേരിലായി. മറ്റൊരു ഓപ്പണർ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും ആന്‍ഡേഴ്സന്‍ നേടി.

11 തവണ പുറത്തിയിരുന്ന ഓസ്ട്രേലിയന്‍ താരം പീറ്റര്‍ സിഡിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്ന് പൂജാരയുടെ പേരിലായത്. ആന്‍ഡേഴ്സന്‍റെ പന്തില്‍ 10 തവണ പുറത്തായിട്ടുള്ള ഡേവിഡ് വാര്‍ണര്‍, ഒമ്പത് തവണ പുറത്തായിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മൈക്കല്‍ ക്ലാര്‍ക്ക്, അസ്ഹര്‍ അലി എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

ഈ പരമ്പരയില്‍ മാത്രം ഇത് അഞ്ചാം തവണയാണ് ഒന്നാം ഇന്നിംഗ്സില്‍ പൂജാര തിളങ്ങാതെ പുറത്താവുന്നത്. നേരത്തെ 4, 9, 1, 4, എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാലു ടെസ്റ്റിലെയും പൂജാരയുടെ ഒന്നാം ഇന്നിംഗ്സിലെ സ്കോര്‍. ഈ പരമ്പരയില്‍ അഞ്ച് തവണയും പൂജാര പുറത്തായത് ആന്‍ഡേഴ്സന്‍റെ പന്തിലായിരുന്നു.

Top