പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തിരക്കിട്ട ആലോചനയ്‌ക്കോ പ്രഖ്യാപനത്തിനോ കോണ്‍ഗ്രസ് നേതൃത്വം മുതിരില്ല

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു തിരക്കിട്ട ആലോചനയ്‌ക്കോ പ്രഖ്യാപനത്തിനോ കോണ്‍ഗ്രസ് നേതൃത്വം മുതിരില്ല. കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനു ശേഷം പ്രധാന നേതാക്കള്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ച പ്രാഥമിക ആശയ വിനിമയത്തിനു വേണ്ടിയാണ് ആ യോഗം. പി.ടി.തോമസിന്റെ നിര്യാണത്തിനു ശേഷം ഉമ തോമസിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുന്നത് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴാണ്. അതേ മാതൃക പുതുപ്പള്ളിയുടെ കാര്യത്തിലും അവലംബിക്കാനാണു സാധ്യത കൂടുതല്‍.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും അതു സൃഷ്ടിച്ചിരിക്കുന്ന ശൂന്യതയും സമാനതകളില്ലാത്ത വിലാപയാത്രയുമാണ് ഇപ്പോള്‍ കെപിസിസിക്കു മുന്നിലുള്ളത്. കേരളത്തിലെ പാര്‍ട്ടിയെ നയിക്കാനും പ്രതിസന്ധികളെ കൈകാര്യം ചെയ്യാനും ഉമ്മന്‍ ചാണ്ടി ഇല്ല എന്നതിനോടു പലരും പൊരുത്തപ്പെടുന്നതേയുള്ളൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളും ആ വികാരത്തിലാണെന്നിരിക്കെ സ്ഥാനാര്‍ഥി ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കിയേ തീരൂവെന്ന നിലപാടിലാണു നേതൃത്വം.

കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ അനുസ്മരണ പരിപാടിയില്‍ കുടുംബത്തെ പ്രതിനിധീകരിച്ചു ചാണ്ടി ഉമ്മന്‍ പങ്കെടുക്കും. പുതുപ്പള്ളിയില്‍ തുടങ്ങിവയ്‌ക്കേണ്ട സംഘടനാപരമായ തയാറെടുപ്പുകള്‍ക്കായാണ് പ്രധാന നേതാക്കള്‍ യോഗം ചേരുന്നത്. കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും പ്രമുഖരായ നേതാക്കളെ നിയോഗിച്ചിട്ടുണ്ട്.

Top