ഓണവും എട്ട് നോമ്പും തിരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്; ജെയ്ക് സി തോമസ്

കോട്ടയം: ഓണമാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും, കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓണവും എട്ട് നോമ്പും തിരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ നിയോഗിക്കപ്പെട്ടത് മുതൽ നിങ്ങൾ ഓരോരുത്തരെയും നേരിൽ കാണാനും കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങൾ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്. ഓണ നാളുകളിലും അത് അങ്ങനെ തന്നെ തുടരുന്നു. ഓണത്തിന് സാധാരണയായി വീട്ടിൽ നിന്നുള്ള ഉച്ചയൂണ് കുറച്ചു കാലങ്ങളായി പതിവില്ല. കഴിഞ്ഞ നാല് വർഷമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണദിനം. ഇത്തവണയും അതങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇത്തവണ ഓണ സദ്യയുണ്ടത് വെള്ളൂർ ഗ്രാമറ്റം അമ്മ വീട്ടിലെ അമ്മമാർക്കൊപ്പമായിരുന്നു. ദീർഘകാലമായുള്ള ബന്ധമാണ് അമ്മ വീടുമായുള്ളത്. ഈ പരിപാടികൾക്ക് ശേഷമാണ് വീട്ടിലേക്കെത്തിയത്. അമ്മയും ഭാര്യയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഭാര്യയുടെയും ചേട്ടത്തിയുടെയും മാതാപിതാക്കളും ഉൾപ്പെടെ വളരെ കുറച്ചു പേരോടൊപ്പം അൽപ്പ നേരം വീട്ടിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് തിരക്കിലേക്ക്.

Top