വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്, 25 പേര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

car

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്ന് തെളിയിക്കുന്ന വ്യാജരേഖ ചമച്ചാണ് ആഡംബര വാഹനങ്ങള്‍ ഇവര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് കരുതുന്നത്.

വ്യാജരേഖ ചമച്ചതിന് വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ആറ് സബ് ആര്‍.ടി ഓഫീസുകളുടെ പരിധിയില്‍ താമസിക്കുന്നവര്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടര കോടിയോളം രൂപയാണ് ഇതുമൂലം നികുതിയിനത്തില്‍ സംസ്ഥാനത്തിന് നഷ്ടമായത്.

സംസ്ഥാനത്തെനികുതി അടയ്ക്കാന്‍ ഉടമകള്‍ തയ്യാറായാലും വ്യാജരേഖ ചമച്ചത് സംബന്ധിച്ച കേസ് നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ചേര്‍ത്തല, മാവേലിക്കര, കായംകുളം, കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ആഡംബര കാറുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മാതൃഭൂമി ന്യൂസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപി എം.പി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ അധികൃതര് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വാഹന ഉടമകളിലേക്ക് അന്വേഷണവും നിയമ നടപടികളും വ്യാപിപ്പിക്കാനുള്ള നീക്കം.

Top