ജാതി വിവേചനം: പുതുച്ചേരി തൊഴില്‍– ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്ക രാജിവെച്ചു

പുതുച്ചേരി : ജാതിവിവേചനത്തില്‍ മനംനൊന്ത് പുതുച്ചേരി തൊഴില്‍– ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്ക രാജിവെച്ചു. ബിജെപി–എന്‍ആര്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് കാരയ്ക്കാല്‍ നെടുങ്ങാട് നിന്നുള്ള ചന്ദ്രപ്രിയങ്ക.

ദളിത് സ്ത്രീയായ താന്‍ ജാതിയമായും ലിംഗപരമായും വിവേചനത്തിന് ഇരയായതായി രാജിക്കത്തില്‍ പറയുന്നു. പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ല. ഇനിയും സഹിക്കാനാവാത്തതിനാലാണ് രാജി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ചന്ദ്രകാസുവിന്റെ മകളാണ് ചന്ദ്രപ്രിയങ്ക. എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്.

സമൂഹത്തില്‍ താഴെതട്ടിലുള്ള സ്ത്രീകള്‍ രാഷ്ട്രീയത്തിലെത്തിയാല്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ലഭിച്ച അവസരം ജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാണ് മന്ത്രിയായത്. ജനസ്വാധീനത്താല്‍ മന്ത്രിയായാലും സാമ്പത്തിക ശക്തിക്കെതിരെ പിടിച്ചുനില്‍കുക എളുപ്പമല്ലെന്ന് മനസിലായി. ജാതിവിവേചനത്തിനെതിരായ പോരാട്ടം തുടരും.

നിയമസഭാംഗത്വം രാജിവെക്കില്ല. മന്ത്രിസ്ഥാനം വണ്ണിയര്‍, ദളിത് അല്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഒരാള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ പറയുന്നു. 40 വര്‍ഷത്തിന് ശേഷം പുതുച്ചേരി മന്ത്രിസഭയിലെത്തിയ വനിത മന്ത്രിയാണ് വേദനയോടെ രാജിവെച്ചത്.

Top