പുതുച്ചേരിയിലെ മത്സ്യതൊഴിലാളിയുടെ പരാതിയും രാഹുലിന് ഓർമ്മവേണം . . .

രിത്രത്തിലെ ഏറ്റവും വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് കാഹളം മുഴങ്ങി കഴിഞ്ഞു. ഭരണ തുടര്‍ച്ചയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അതു സാധ്യമായാല്‍, കേരളത്തിന്റെ ചരിത്രമാണ് തിരുത്തി എഴുതപ്പെടുക. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന ചരിത്രം ഇത്തവണ ആവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ യു.ഡി.എഫിനു തന്നെ വലിയ ആശങ്കയാണുള്ളത്. അതുകൊണ്ടാണ് അവര്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ തന്നെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തിയപ്പോള്‍ 20-ല്‍ 19 സീറ്റും തൂത്തുവാരാന്‍ യു.ഡി.എഫിനു കഴിഞ്ഞിരുന്നു. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി വിജയിച്ചതും വലിയ ഭൂരിപക്ഷത്തിനാണ്. ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നിലവില്‍ മുന്നോട്ട് പോകുന്നത്.

കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയായതിനാല്‍ ഭരണം കിട്ടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിനും അതു വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ച്, നേതൃമാറ്റ മുറവിളി കോണ്‍ഗ്രസ്സില്‍ തന്നെ ഉയരുന്ന സാഹചര്യത്തില്‍ വെട്ടിലാകുക നെഹറു കുടുംബം തന്നെയാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് രാഹുലും കേരളത്തില്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇടതുപക്ഷ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയെയോ രാഹുല്‍ ഗാന്ധി വിമര്‍ശിക്കാറില്ല. എന്നാല്‍, ഇത്തവണ ഈ പതിവ് തെറ്റിച്ചാണ് ഭരണപക്ഷത്തെ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് ബി.ജെ.പി – സി.പി.എം ധാരണ കൊണ്ടാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഒറ്റ കാര്യം മാത്രമേ രാഹുലിനോട് പറയാനൊള്ളൂ, തെളിവുണ്ടെങ്കില്‍ മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്ര ഏജന്‍സികള്‍ക്ക് ചെല്ലാനാകൂ. അതല്ലെങ്കില്‍ പോവുന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നെ അഴി എണ്ണേണ്ടി വരും. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പലതും നടക്കുമായിരുന്നു. എന്നാല്‍, ഇവിടെ ഇപ്പോള്‍ ഭരിക്കുന്നത് പിണറായിയാണ്, ഇടതുപക്ഷമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ വന്നാല്‍ വിവരമറിയുക തന്നെ ചെയ്യും. ഇക്കാര്യം ബോധ്യപ്പെടാന്‍ കേന്ദ്ര ഏജന്‍സികളെ നയിക്കുന്നവര്‍ക്ക് സാമാന്യ ബുദ്ധിമാത്രം മതി. അതുകൊണ്ടാണ് അവര്‍ സാഹസത്തിനു മുതിരാത്തത്.

കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സര്‍ക്കാറിനെതിരെ തെളിവു കൈവശമുണ്ടെങ്കില്‍ ആദ്യം തന്നെ അതു പ്രയോഗിക്കുക ബി ജെ.പി ഭരണകൂടമാണ്. ഇക്കാര്യത്തില്‍ ഒരു താമസവും അവരായിട്ടു വരുത്തുകയുമില്ല. സ്വര്‍ണ്ണക്കടത്ത് മുതല്‍ ഈത്തപ്പഴക്കടത്തു വരെ ഇപ്പോള്‍ ആവിയായ മട്ടാണുള്ളത്. മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെ ഇപ്പോള്‍ അറസ്റ്റിലാകും എന്നു പ്രതീക്ഷിച്ചവരാണ് രാഹുലിന്റെ സഹപ്രവര്‍ത്തകര്‍. ആ സ്വപ്നം നടക്കാത്തതിനു തെറ്റായ ആരോപണം ഉന്നയിച്ചതു കൊണ്ടു ഒരു കാര്യവുമില്ല. നേരിന്റെ രാഷ്ട്രീയമാണ് പയറ്റേണ്ടത്. അല്ലാതെ നെറികേടിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോയാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടിയാണ് ഇനിയും കോണ്‍ഗ്രസ്സിനു ലഭിക്കുക.

നടപ്പാക്കുമെന്ന് ഉറപ്പുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ് പുറത്തിറക്കേണ്ടത്. അതല്ലാതെ, പ്രത്യേക പ്രകടന പത്രിക കൊണ്ട് ഒരു കാര്യവുമില്ല. ആ പരിപ്പൊന്നും ഈ കേരളത്തില്‍ വേവുകയുമില്ല. രാഹുല്‍ ഗാന്ധിയുടെ ചെപ്പടി വിദ്യയിലൂടെ അധികാരത്തില്‍ വരാം എന്നാണ് യു.ഡി.എഫ് ഇപ്പോള്‍ മോഹിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന നാടകവും അതിന്റെ ഭാഗമാണ്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി സെക്രട്ടറിയേറ്റ് നടയിലെ സമരപന്തലുകളില്‍ എത്തിയതും മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ്. ഫെബ്രുവരി 24നു ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കണ്ട് കൊണ്ടു കൂടിയിരുന്നു ഈ സന്ദര്‍ശനം. മത്സ്യതൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍, ആഴക്കടലിലേക്ക് യാത്ര പോകാനും അവരോട് സംവദിക്കാനും രാഹുല്‍ തയ്യാറായി. പ്രത്യേക പ്രകടന പത്രികാ വാഗ്ദാനവും കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങളെല്ലാം രാഹുല്‍ നടത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശന്ങ്ങള്‍ നേരിട്ടറിയണമെന്ന അതിയായ ആഗ്രഹമുള്ളതിനാലാണ് താന്‍ കടലില്‍ പോയതെന്നാണ് രാഹുലിന്റെ വാദം. ‘വിശപ്പിന്റെ വിളി അറിയാന്‍ പട്ടിണിക്കിടക്കേണ്ട കാര്യമില്ലെന്നതാണ് ഇക്കാര്യത്തില്‍ രാഹുലിനെ ഓര്‍മ്മിപ്പിക്കാനുള്ളത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കാണാത്ത കണ്ണുകള്‍ കേരളത്തില്‍ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ശ്രമിച്ചാല്‍ അതു വിലപ്പോവുകയില്ല. കോണ്‍ഗ്രസ്സ് ഭരിക്കുന്ന പോണ്ടിച്ചേരിയിലെത്തിയ രാഹുല്‍ ഗാന്ധിയോട് കണ്ണീരോടെ ഒരു മത്സ്യതൊഴിലാളി സ്ത്രീ പറഞ്ഞത് പരാതിയാണ്. അത് അഭിനന്ദനമായി പരിഭാഷപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രി വി.നാരായണസ്വാമിയാണ്. ഇതാണ് കോണ്‍ഗ്രസ്സുകാരുടെ രീതി. ഈ കീഴ് വഴക്കം തന്നെയാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. കെ.സി വേണുഗോപാലും ചെന്നിത്തലയും എഴുതി കൊടുക്കുന്നതാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

‘നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു പോണ്ടിച്ചേരിയില്‍ രാഹുലിനോട് മത്സ്യതൊഴിലാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേരളത്തിലെ സ്ഥിതി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ദുരന്തകാലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം നടത്തിയ അതിജീവനം ചരിത്രമാണ്. ഒരാള്‍ക്കു പോലും പരാതി ഇല്ലാത്ത വിധം കാര്യക്ഷമമായാണ് പ്രകൃതിക്ഷോഭത്തെയും മഹാമാരികളെയും കേരള സര്‍ക്കാര്‍ നേരിട്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം രാഹുല്‍ മറന്നാലും കേരളം മറക്കുകയില്ല.

രാഹുല്‍ പോണ്ടിച്ചേരി വിട്ട് കേരളത്തില്‍ ലാന്‍ഡ് ചെയ്തതോടെ പോണ്ടിച്ചേരി സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ നിലം പൊത്തിയിരിക്കുന്നത്. സി.പി.എം – ബി.ജെ.പി കൂട്ടുകെട്ട് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ആരുടെ കൂടെ സ്വന്തം എം.എല്‍.എമാര്‍ കൂടിയപ്പോഴാണ് പോണ്ടിച്ചേരി സര്‍ക്കാര്‍ നിലംപൊത്തിയത് എന്നതും ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് അനുകൂലമായി ഏറ്റവും അധികം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാറുകളാണ്. ഏത് തുലാസില്‍ തൂക്കിയാലും ഇക്കാര്യം ഏത് രാഹുലിനും വ്യക്തമാകുന്നതാണ്. മത്സ്യതൊഴിലാളികള്‍ക്ക് എതിരായ ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കില്ലെന്ന്, മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളാണ് മത്സ്യതൊഴിലാളികളും മുഖവിലക്കെടുക്കേണ്ടത്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഇപ്പോഴത്തെ വിവാദങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. എംഒയുവില്‍ ഒപ്പിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത്, രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ് എന്നതും നാം തിരിച്ചറിയണം. എങ്ങനെയാണ് ചെന്നിത്തലക്ക് രേഖകള്‍ കിട്ടിയതെന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഒപ്പിടുന്നതിനു മുന്‍പ് വിവാദ കമ്പനിയുടെ വെബ് സൈറ്റ് നോക്കാനുള്ള ജാഗ്രതയെങ്കിലും ഈ ഉദ്യോഗസ്ഥന്‍ കാട്ടിയിരുന്നെങ്കില്‍ ഈ കമ്പനിയുടെ തനിനിറം അപ്പോഴേ വ്യക്തമാകുമായിരുന്നു. തട്ടിപ്പു കമ്പനിയെ രംഗത്തിറക്കിയതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഗൗരവമാകുന്നതും ഈ സാഹചര്യത്തിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീഴ്ചയാണ് ധാരണാപത്രം ഒപ്പിടുന്നതില്‍ കലാശിച്ചിരിക്കുന്നത്.

എന്നാല്‍, പിന്നീട് കരാറിലെ നയപരവും നിയമപരവുമായുള്ള സാധ്യതകള്‍ പരിശോധിച്ചതോടെ ഇക്കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കില്ല എന്നതു തന്നെയാണ് അത്. ഇതോടെ യഥാര്‍ത്ഥത്തില്‍ കുരുങ്ങാന്‍ പോകുന്നത് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി എന്‍ പ്രശാന്താണ്. അന്വേഷണം തന്നിലേക്കും നീളുമെന്ന ഭയമാണ് ചെന്നിത്തലയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അദ്ദേഹം തന്നെ ഉന്നയിച്ചിരിക്കുന്നത്.

ഈ കരാര്‍ സംബന്ധമായി സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഉടന്‍ തയ്യാറാവേണ്ടത്. വകുപ്പ് മന്ത്രിയെ ഐ.എ.എസുകാരന്‍ തെറ്റിധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും പുറത്തു വരിക തന്നെ വേണം. വ്യവസായ വകുപ്പിന്റെ ഇടപെടല്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പരിശോധിക്കാന്‍ തയ്യാറാകുകയും വേണം. തെറ്റ് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെയാണ് നടപടി സ്വീകരിക്കേണ്ടത്. ഇടതു പക്ഷ കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Top