പുതുച്ചേരി മുഖ്യൻ മാതൃകയാക്കിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനെ

പുതുച്ചേരിയില്‍ പിണറായി സ്‌റ്റൈല്‍ അനുകരിച്ച് മുഖ്യമന്ത്രി നാരായണസ്വാമി രംഗത്ത്. ഗവര്‍ണര്‍ കിരണ്‍ബേദിയെ തള്ളിയാണ് സിഎഎക്കെതിരെ പുതുച്ചേരി പ്രമേയം പാസാക്കിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയാണ് നാരായണസ്വാമിയും പിന്തുടര്‍ന്നിരിക്കുന്നത്.

PINARAYI VIJAYAN

PINARAYI VIJAYAN

സിഎഎക്കെതിരെ നിലപാടെടുത്ത, കേരള ഗവര്‍ണറെ തള്ളിയാണ് പിണറായി പ്രമേയം അവതരിപ്പിച്ചിരുന്നത്. ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടിയായിരുന്നു അത്. ഇതിനു തുടര്‍ച്ചയായി പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തയക്കുകയും ചെയ്തിരുന്നു.

കേരളത്തിനെ മാതൃകയാക്കി ആഞ്ച് സംസ്ഥാനങ്ങളാണ് സിഎഎക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നിവയും ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരുമാണ് പ്രമേയം പാസാക്കിയത്. പിണറായിയുടെ കത്ത് തന്നെ വേണ്ടിവന്നു, ഇവര്‍ക്കെല്ലാം പ്രമേയം പാസാക്കുന്നതിന്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റും പിന്നീട് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണപങ്കാളിത്തമുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലും ഇതുവരെ പ്രമേയം പാസാക്കിയിട്ടില്ല. മധ്യപ്രദേശും മന്ത്രിസഭ പ്രമേയം പാസാക്കിയെങ്കിലും നിയമസഭയില്‍ ഇതുവരെ അവതരിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായി പ്രമേയം പാസാക്കുന്ന കേന്ദ്ര ഭരണ പ്രദശമാണ് പുതുച്ചേരി. സംസ്ഥാന അധികാര പരിധിയില്‍വരാത്ത നിയമത്തിനെതിരെ, പ്രമേയം പാസാക്കരുതെന്ന് ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ബേദി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധമായി അവര്‍ മുഖ്യമന്ത്രി നാരായണസ്വാമിക്ക് കത്തു നല്‍കുകയുമുണ്ടായി. ഈ കത്ത് അവഗണിച്ചാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. ജനവിരുദ്ധമായ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന്റെ പേരില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടാലും പ്രശ്‌നമില്ലെന്ന ശക്തമായ നിലപാടാണ് നാരായണസ്വാമി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പിണറായിക്ക് സമാനമായ നിലപാടാണിത്.

രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് കിരണ്‍ബേദി. ഇവര്‍ ഗവര്‍ണറായെത്തിയ ശേഷം നാരായണസ്വാമി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും കിരണ്‍ ബേദി വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. സര്‍ക്കാരിനോടോ മുഖ്യമന്ത്രിയോടോ ആലോചിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇത് കിരണ്‍ ബേദി – നാരായണസ്വാമി പോരാട്ടത്തിനാണ് വഴി തുറന്നിരുന്നത്.

സൗജന്യ അരിവിതരണത്തിന് കിരണ്‍ബേദി അനുമതി നിഷേധിച്ചപ്പോള്‍, മുഖ്യമന്ത്രിക്ക് കോടതിയെ സമീപിക്കേണ്ടിയും വന്നു. സൗജന്യ അരിക്കുപകരം, പണം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായിരുന്നു കിരണ്‍ബേദിയുടെ നിര്‍ദ്ദേശം. ഇത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് നാരായണസ്വാമി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പൊതുജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നത്, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, അതില്‍ ഗവര്‍ണര്‍ കൈകടത്തേണ്ടെന്നുമായിരുന്നു, നാരായണസ്വാമി സ്വീകരിച്ചിരുന്ന നിലപാട്.

കുറ്റവാളികളെ വിറപ്പിച്ച പോലീസിലെ പുലിക്കുട്ടിയായ കിരണ്‍ബേദി നാരായണസ്വാമിയെന്ന രാഷ്ട്രീയ നേതാവിനു മുന്നില്‍ അടിപതറുന്ന കാഴ്ചയാണ് പുതുച്ചേരിയില്‍ ഇപ്പോള്‍ കാണുന്നത്. മികച്ച പോലീസ് ഓഫീസറെന്ന പ്രതിഛായയുമായി നിയമലംഘകര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്താണ് കിരണ്‍ബേദി ശ്രദ്ധേയയായത്. ഏഷ്യന്‍ വനിതാ ടെന്നീസ് ചാമ്പ്യനായിരുന്ന കിരണ്‍ബേദി ഐ.പി.എസ് നേടിയും കരുത്ത് കാട്ടിയ വനിതയാണ്.

1981ല്‍ ഡല്‍ഹി ട്രാഫിക് എ.സി.പിയായിരിക്കെ നിയമംലംഘിച്ച വി.ഐ.പികളുടെ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച മാറ്റിച്ചാണ് കിരണ്‍ബേദി കൈയ്യടി നേടിയിരുന്നത്. കിരണ്‍ബേദിയെ ‘ക്രെയിന്‍ ബേദി’യെന്നാണ് അന്ന് മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. തീഹാര്‍ ജയിലിന്റെ ചുമതലയുണ്ടായിരിക്കെ നടപ്പാക്കിയ ജയില്‍ പരിഷ്‌ക്കാരങ്ങള്‍ ആന്താരാഷ്ട്ര ശ്രദ്ധയും നേടുകയുണ്ടായി. മാഗ്‌സസെ പുരസ്‌ക്കാരവും ബേദിയെ തേടിയെത്തിയിട്ടുണ്ട്. 2007ല്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനം നിഷേധിച്ചതോടെയാണ് അവര്‍ സര്‍വീസില്‍ നിന്നും സ്വയംവിരമിച്ചിരുന്നത്. അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലിനായി അന്നഹസാരെ നടത്തിയ സമരത്തില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പവും സജീവമായിരുന്നു.

കെജ്‌രിവാളുമായി പിണങ്ങിയാണ് പിന്നീട് ബേദി ബി.ജെ.പി പാളയത്തിലെത്തിയിരുന്നത്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ കിരണ്‍ബേദിയെ പുതുച്ചേരി ലെഫനന്റ് ഗവര്‍ണറായി നിയമിക്കുകയും ചെയ്തു.

ചുമതലയേറ്റതുമുതല്‍ നാരായണസ്വാമി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ് ബേദി. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധര്‍ണ നടത്തേണ്ട സാഹചര്യം വരെയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ 39 ഇന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ കത്തിന് പോലും ഗവര്‍ണര്‍ മറുപടി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പലതിലും തടസം സൃഷ്ടിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മിന്നല്‍ സമരം. ഏറ്റവും ഒടുവില്‍ മൂന്ന് ബി.ജെ.പി നേതാക്കളെ ഗവര്‍ണറുടെ അധികാരം വെച്ച് കിരണ്‍ബേദി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് ഭിന്നത വര്‍ധിപ്പിക്കാന്‍ കാരണമായി. രൂക്ഷമായാണ് ഇതിനെതിരെ മുഖ്യമന്ത്രി നാരായണസ്വാമി പ്രതികരിച്ചിരുന്നത്.

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ സിഎഎക്കെതിരായ പ്രമേയം പാസാക്കിയതോടെ രാജ്യമിപ്പോള്‍ ഉറ്റുനോക്കുന്നത് ഡല്‍ഹി സര്‍ക്കാരിനെയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കെജ്‌രിവാള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറാവുമോ എന്നാണ് കേന്ദ്രവും വീക്ഷിക്കുന്നത്. നാരായണസ്വാമിയുടെ കരുനീക്കം കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

പ്രമേയം പാസാക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടിയുംവരും. പോണ്ടിച്ചേരി പോലും ചെയ്ത കാര്യം ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കിയില്ലങ്കില്‍ വെട്ടിലാകുക കോണ്‍ഗ്രസാണ്.

Political Reporter

Top