കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി നല്‍കി. കുണ്ടറ – ചിറ്റുമല – ഇടിയക്കടവ് – മണ്‍ട്രോതുരുത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണ്. 2016-17-ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിരുന്നു. 23.94 കോടി രൂപയ്ക്ക് ഒറ്റ കരാറായി തോപ്പില്‍ കണ്‍സ്ട്രക്ഷന്‍ ഏജന്‍സിക്ക് പ്രവൃത്തി കരാര്‍ നല്‍കുകയും ചെയ്തു. 2019-ല്‍ അവസാനിക്കേണ്ടതായിരുന്നു പ്രവൃത്തി. വിവിധ കാരണങ്ങളാല്‍ കരാര്‍ കാലാവധി 31-03-2021 -വരെ നീട്ടിനല്‍കുകയാണ് ഉണ്ടായത്.

ഇതുവരെയായി 35 ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളത്. ഫീല്‍ഡ് ഓഫീസേഴ്‌സിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, കരാര്‍ കാലാവധി സാധാരണ പിഴ ഈടാക്കി ദീര്‍ഘിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സപ്ലിമെന്ററി എഗ്രിമെന്റ് ഒപ്പ് വെയ്ക്കുന്ന കാര്യത്തിലും കരാറുകാരന്‍ അലംഭാവം കാണിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. കരാറുകാരനെ നിയമപരമായി ഒഴിവാക്കി പ്രവൃത്തി പുന:ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.

 

Top