പ്രാഥമിക നിഗമനത്തിൽ 5000 കോടിയിലേറെ നഷ്ടം, തകർന്നത് 500 കിലോമീറ്റർ റോഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 14 ജില്ലകളിലെയും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

സംസ്ഥാനത്ത് ആകെ 500 കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മാത്രം 263 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ആകെ 15 പാലങ്ങള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴയില്‍ 3000 കോടിയുടെ നഷ്ടം വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ മഴയിലും ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിക്ഷോഭത്തിലും അയ്യായിരം കോടിയിലധികം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

മഴക്കാലത്തിനുശേഷം എല്ലാ റോഡുകളും പൂര്‍ണമായും ഗതാഗതയോഗ്യമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ മാറുന്ന സാഹചര്യത്തില്‍ റോഡുകള്‍ താത്കാലിക ഗതാഗതത്തിനായി സജ്ജീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടങ്ങള്‍ക്കു കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തീരദേശ, മലയോര ഹൈവേ അവലോകനയോഗം മാറ്റിവെച്ചതായും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

Top