ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; അതിര്‍ത്തി ജില്ലയിലേക്ക് പാസ് വേണ്ട

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗതം ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും.

വാഹനത്തിന്റെ സിറ്റിംഗിന്റെ അന്‍പത് ശതമാനം യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദിക്കുക.അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാകില്ല. അതേസമയം കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണം ഉണ്ടാകും.

എന്നാല്‍ അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല.അല്ലാത്ത യാത്ര രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആകാം.ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതിയാല്‍ മതി. എന്നാല്‍ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ് വേണം.കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ആവശ്യ സര്‍വീസ് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സമയം ബാധകമല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം.

സമീപത്തല്ലാത്ത ജില്ലകളിലേക്കു യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍നിന്നോ കലക്ടറുടെ ഓഫിസില്‍നിന്നോ അനുമതി ആവശ്യമാണ്. അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ സ്ഥിരം യാത്രാ പാസ് കൈപ്പറ്റേണ്ടതാണ്. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളിലെ പ്രവേശനത്തിന് കര്‍ശനനിയന്ത്രണം ബാധകമായിരിക്കും.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാവുന്നതാണ്.ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ ഒരാള്‍ക്കു മാത്രമേ യാത്ര ചെയ്യാനുവൂ. കുടുംബമെങ്കില്‍ ഓട്ടോയില്‍ 3 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിച്ചിട്ടുണ്ട്.

Top