സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

“ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.

ജനുവരി ഒന്നാം തിയ്യതി പ്രഖ്യാപിച്ച ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.”

Top