പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ മോദി സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് രവി വെങ്കടേശന്‍.

കിട്ടാക്കടങ്ങള്‍ ബാങ്കുകളെ ഇല്ലാതാക്കുകയാണെന്നും അത്തരം കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ പൊതു മേഖലാ ബാങ്കുകളെ ഇതില്‍ നിന്ന് തടയുകയാണെന്നും രവി വെങ്കടേശന്‍ പറഞ്ഞു. പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് രവി വെങ്കടേശന്‍ നയിച്ചിരുന്ന ബാങ്ക് ഓഫ് ബറോഡ.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഒന്നിച്ചു ചേരേണ്ടതുണ്ട്. അങ്ങനെ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ വിപണി പങ്കാളിത്തം ഒഴുകാതിരിക്കാനുള്ള വഴിയൊരുക്കുകയും ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ ശക്തിപ്പെടുത്താന്‍ ദുര്‍ബലമായ ബാങ്കുകളെ ലയിപ്പിക്കുകയല്ല വേണ്ടതെന്നും രവി വെങ്കടേശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലായിരുന്നു ബാങ്ക് ഓഫ് ബറോഡ ചെയര്‍മാന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ഫിസ്‌കല്‍ വര്‍ഷത്തെ നിക്ഷേപങ്ങളുടെ 70 ശതമാനവും സ്വകാര്യ മേഖലയിലേയ്ക്കാണ് പോയത്. മൂഡീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്ര ലിമിറ്റഡ് പറയുന്നത് ഇന്ത്യയിലെ വായ്പകള്‍ 2020 ആകുമ്പോഴേയ്ക്ക് 8 മുതല്‍ 9.5 ശതമാനം വരെ വര്‍ധിക്കുമെന്നാണ്. എന്നാല്‍ അതിന്റെ 80 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ നിന്നായിരിക്കും.

Top