നിയമ ലംഘനം കണ്ടെത്താന്‍ സൗദിയിലുടനീളം ക്യാമറ സംവിധാനം നടപ്പിലാക്കുന്നു

camera

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘനം കണ്ടെത്തുന്നതിന് അത്യാധുനിക ക്യാമറ സംവിധാനം രാജ്യത്ത് മുഴുവനായി നടപ്പിലാക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ്. രാജ്യത്ത് മൂന്ന് പട്ടണങ്ങളില്‍ പുതിയ ക്യാമറാ സംവിധാനം തിങ്കളാഴച മുതല്‍ പ്രവര്‍ത്തിക്കും. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോമാറ്റിക് ക്യാമറ സംവിധാനം പരീക്ഷണാര്‍ത്ഥം റിയാദ്, ജിദ്ദ, ദമ്മാം പട്ടണങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.

കൂടാതെ ഇനി ഇത്തരം ക്യാമറകള്‍ രാജ്യ വ്യാപകമായി സ്ഥാപിക്കുമെന്നാണ് പൊതു സുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശുവൈരിഖ് അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ വാഹന ഉടമയോ, ഡ്രൈവറോ പിഴ അടക്കേണ്ടതാണ്. നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ക്യാമറകള്‍ രേഖപ്പെടുത്തും. വാഹനം ഓടിക്കുന്നതിനിടെ പുക വലിക്കുക, ഭക്ഷണം കഴിക്കുക എന്നിവയും നിയമ ലംഘനമാണ്. ഇത്തരക്കാരോട് 150 റിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top