പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ഇനി ആദായ നികുതിയിളവ്

തിരുവനന്തപുരം : എല്‍ടിസി ക്യാഷ് വൗച്ചര്‍ പ്രകാരമുള്ള ആദായ നികുതിയിളവ് ഇനി മുതൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാര്‍, സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പരമാവധി 36,000 രൂപ വരെയാണ് എല്‍ടിസി പ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. 12ശതമാനമെങ്കിലും ജിഎസ്ടി നല്‍കുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബര്‍ 12നും 2021 മാര്‍ച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ് ഇതിനായി നല്‍കേണ്ടത്. ബില്ലില്‍ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്‍പ്പടെയാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. അവധി യാത്രയ്ക്കാണ് എല്‍ടിസി അനുവദിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എല്‍ടിസി ക്യാഷ് വൗച്ചര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിപണിയില്‍ ഈ പണമെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Top