പ്രവാസികളെ ഉൾപ്പെടുത്തി പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം ശക്തിപ്പെടുത്തണം; യൂസഫലി

ദുബായ്: ഗൾഫിലെ ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരായ നിക്ഷേപകരുടെ ഇടപെടൽ കൊണ്ട് ഇന്ത്യയിൽ വൻകിട പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം ചെറുകിട പ്രവാസി നിക്ഷേപകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പബ്ലിക് പ്രൈവറ്റ് പങ്കാളിത്ത പദ്ധതികൾ സജീവമാക്കണമെന്ന് എംഎ യൂസഫലി അഭിപ്രായപ്പെട്ടു.16-ാമത് പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിൻ്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്ക് എന്നതിനെപ്പറ്റി നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി ജയശങ്കർ നേരിട്ടു ചില ഗൾഫ് നാടുകളിൽ സന്ദർശനം നടത്തുകയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ആത്മ നിർഭർ ഭാരത് വളരെ അധികം സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന സർവകാല പദ്ധതികളിൽ ഒന്നാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

130 കോടി ആളുകളുടെ വിഷയം പരിഗണിച്ചിട്ട് അവരുടെ വിഷയം നോക്കിയ ശേഷമാണ് ബാക്കിയുള്ളത് കയറ്റി അയക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നതെന്നും അത് രാജ്യത്തിൻറെ വളർച്ചയെയാണ് കാണിക്കുന്നതെന്നും യൂസഫലി വ്യക്തമാക്കി. ഭക്ഷ്യോൽപ്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന ഇടത്തരം നിക്ഷേപകർ മുന്നോട്ട് വരണമെന്നും യൂസഫലി അഭ്യർത്ഥിച്ചു.

Top