കെഎസ്ഇബി ടെൻഡറിനെതിരെ പൊതുതാൽപര്യ ഹർജി

കൊച്ചി: ചീഫ് സേഫ്റ്റി കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിട്ടും 140 കിലോഗ്രാം വർക്കിങ് ലോഡുള്ള തൂണുകൾക്കായി കെഎസ്ഇബി ടെൻഡർ വിളിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.

തൂണുകൾക്ക് 8 മീറ്റർ –200 കിലോഗ്രാം വർക്കിങ് ലോഡ് എന്ന നിബന്ധന പാലിക്കാതെയുള്ള നടപടി രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണെന്നും ഹർജിയിലുണ്ട്. തൂണുകളുടെ ഭാരം താങ്ങാനുള്ള ശേഷിയെ സൂചിപ്പിക്കുന്നതാണു വർക്കിങ് ലോഡ്. കനത്ത മഴയും കാറ്റും മൂലവും മരങ്ങൾ വീഴുന്നതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൂണുകൾ തകർന്ന് അപകടങ്ങൾ വർധിക്കുന്നതു കൊണ്ടാണ് 8 മീറ്റർ–140 കിലോഗ്രാം എന്ന മാനദണ്ഡം മാറ്റി 8 മീറ്റർ–200 കിലോഗ്രാം എന്നാക്കിയത്.

254 കോടി രൂപയുടെ കരാറാണിത്. നിലവിലുള്ള കരാറുകാരെ സംരക്ഷിക്കാനാണ് പഴയ നിബന്ധന തുടരുന്നതെന്നും ഇതിനു പിന്നിൽ ഗൂഢമായ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും പട്ടാമ്പി സ്വദേശികളായ മുഹമ്മദ് നിസാർ, അബ്ദുൽ ഗഫൂർ, പൂന്തുറ സ്വദേശി എം.ഇ.അനസ് എന്നിവർ നൽകിയ ഹർജിയിൽ പറയുന്നു.

Top