കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചു.
പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.