യുഡിഎഫ് നേതൃത്വത്തിൽ 140 മണ്ഡലങ്ങളിലും കുറ്റവിചാരണ ജനകീയസദസ്സ് നടത്തും

തിരുവനന്തപുരം : സർക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സർക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു. നവംബർ–ഡിസംബർ മാസങ്ങളിലാണു പരിപാടി. എൽഡിഎഫ് ഭരണത്തിൽ തകരുന്ന കേരളത്തിന്റെ യഥാർഥ ചിത്രം ജനകീയ സദസ്സുകളിൽ അവതരിപ്പിക്കുമെന്നു യോഗതീരുമാനം വിശദീകരിച്ചുകൊണ്ടു കൺവീനർ എം.എം.ഹസൻ പറഞ്ഞു. നവംബർ ആദ്യം യുഡിഎഫ് ഏകോപന സമിതി ചേർന്ന് പരിപാടിക്ക് അന്തിമരൂപം നൽകും.

കരുവന്നൂർ ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിൽ 16നു തിരുവനന്തപുരത്തു യുഡിഎഫ് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും. കോൺഗ്രസിലെ കരകുളം കൃഷ്ണപിള്ള ചെയർമാനും മുസ്‍ലിം ലീഗിലെ പി.അബ്ദുൽ ഹമീദ് എംഎൽഎ, സിഎംപിയിലെ എം.പി.സാജു എന്നിവർ കൺവീനർമാരുമായി യുഡിഎഫ് രൂപം നൽകിയ സഹകരണ സംരക്ഷണവേദിയുടെ നേതൃത്വത്തിലാണു സംഗമം. ‘നിക്ഷേപകരെ സംരക്ഷിക്കുക, കൊള്ളക്കാരെ തുറുങ്കിലടയ്ക്കുക’ എന്നതാണു മുദ്രാവാക്യം.

സർക്കാരിനെതിരായ അഴിമതിയാരോപണങ്ങൾ, ക്രമസമാധാനത്തകർച്ച, മാസപ്പടി വിവാദം, വിലക്കയറ്റം, കർഷക പ്രശ്നം, വന്യമൃഗശല്യം, കെഎസ്ആർടിസി പ്രതിസന്ധി, ലഹരി വ്യാപനം തുടങ്ങിയ വിഷയങ്ങളുയർത്തി 18നു സെക്രട്ടേറിയറ്റ് ഉപരോധിക്കും. ‘റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ’ എന്ന പേരിൽ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടിയുടെ ഭാഗമായാണ് ഉപരോധം.

Top