ഫ്രാന്‍സില്‍ സ്വകാര്യവത്ക്കരണങ്ങള്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധക്കാറ്റ് വീശിയടിക്കുന്നു; മുഹമ്മദ് റിയാസ്

Muhammad Riyaz

ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രാണിന്റെ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ഐതിഹാസികമായ ചെറുത്തുനില്‍പ്പു പോരാട്ടം നടത്തുകയാണെന്ന് ഡിവൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്ക്കരണവും കടുത്ത തൊഴിലില്ലായ്മയും ചൂണ്ടി കാട്ടി, വിദ്യാര്‍ത്ഥിയുവജന സംഘടനകള്‍ പാരിസില്‍ വലിയ റാലികള്‍ സംഘടിപ്പിച്ചു കൊണ്ടെയിരിക്കുകയാണെന്നും ഗ്രീസിനും, സ്‌പെയിനിനും, പോര്‍ട്ടുഗലിനും പിറകെ ഫ്രാന്‍സും വര്‍ഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു അദ്ദേഹം കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

യൂറോപ്പ് വീണ്ടും വര്‍ഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക്. പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രാണിന്റെ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ ഫ്രഞ്ച് തൊഴിലാളി യൂണിയനുകള്‍ ഐതിഹാസികമായ ചെറുത്തുനില്‍പ്പു പോരാട്ടത്തിലാണ്. പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ വിറ്റു തുലയ്ക്കാനുള്ള മാക്രോണിന്റെ സാമ്പത്തിക ‘നവീകരണ’ പദ്ധതികള്‍ക്കെതിരെ കഴിഞ്ഞയാഴ്ച്ച രാജ്യത്തെമ്പാടും നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ അണിനിരന്നത് അഞ്ചു ലക്ഷത്തിലധികം തൊഴിലാളികള്‍. റെയില്‍വേ, ബസ്, വിമാന സര്‍വ്വീസുകള്‍ എല്ലാം നിശ്ചലമായി. ഫ്രാന്‍സില്‍ നിന്നും വിദേശങ്ങളിലേക്കുള്ള 30 ശതമാനത്തോളം വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. പാരിസിലും നാന്റെസിലും പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം പോലീസുമായി തെരുവുകളില്‍ ഏറ്റുമുട്ടി. സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങള്‍ തൊഴില്‍ യൂണിയനുകളുമായി ചര്‍ച്ച ചെയ്യില്ലെന്ന പിടിവാശിയിലാണ് പ്രസിഡന്റ് മാക്രോണ്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചയിലെ പൊതു പണിമുടക്കിനു ഫ്രഞ്ച് ജനത നല്‍കിയ വലിയ പിന്തുണയില്‍ തൊഴിലാളി യൂണിയനുകള്‍ വലിയ ആത്മവിശ്വാസത്തിലാണ്.

തുടര്‍ സമരങ്ങള്‍ ഫ്രാന്‍സിനെ പിടിച്ചു കുലുക്കുമെന്നുറപ്പ്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമര പരിപാടികള്‍ക്ക് റെയിവേ തൊഴിലാളികള്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. എയര്‍ ഫ്രാന്‍സ് ജീവനക്കാര്‍ 6 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നു. അധ്യാപക യൂണിയനുകളും മുന്‍സിപ്പല്‍ ജീവനക്കാരും മാക്രോണിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുണ്ട്. വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്ക്കരണവും കടുത്ത തൊഴിലില്ലായ്മയും ചൂണ്ടി കാട്ടി, വിദ്യാര്‍ത്ഥിയുവജന സംഘടനകള്‍ പാരിസില്‍ വലിയ റാലികള്‍ സംഘടിപ്പിച്ചു കൊണ്ടെയിരിക്കുകയാണ്. ഗ്രീസിനും, സ്‌പെയിനിനും, പോര്‍ട്ടുഗലിനും പിറകെ ഫ്രാന്‍സും വര്‍ഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.

Top