PTV attack case: Pakistan court directs police to arrest Imran Khan, others

ഇസ്ലാമാബാദ്:ടെലിവിഷന്‍ ചാനല്‍ ആക്രമണ കേസില്‍ പാകിസ്താന്‍ തെഹ്‌രിക് ഐ ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാനേയും സഹായികളേയും അറസ്റ്റ് ചെയ്യാന്‍ പാക് കോടതി ഉത്തരവ്. ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതിയുടെതാണ് ഉത്തരവ്.

ഇമ്രാന്‍ ഖാനൊപ്പം ആവാമി തെഹരിക് നേതാവ് തെഹറുള്‍ ഖദ്രിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് കോടതി നിര്‍ദ്ദേശം. പിടിവിയുടെ ആസ്ഥാനം ആക്രമിച്ച കേസിലാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി.

ഉത്തരവ് നടപ്പാക്കുന്നതിന്റെ പുരോഗതി രേഖാമൂലം സമര്‍പ്പിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇമ്രാന്‍ ഖാനും തെഹ്രുള്‍ ഖദ്രിയും അടക്കം 70 പേരെ നവംബര്‍ 17ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. നവംബര്‍ 2ന് ഇസ്ലാമാബാദ് വളയാനും ഉപരോധിക്കാനുമുള്ള ഇമ്രാന്‍ ഖാന്റെ നീക്കത്തിന് പിന്നാലെയാണ് കോടതി നടപടിയെന്നതും ശ്രദ്ധേയമാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ രാജി ആവശ്യപ്പെട്ടാണ് തലസ്ഥാനം പിടിച്ചടക്കാന്‍ നവംബര്‍ രണ്ടിന് ഇമ്രാന്‍ ഖാനും സംഘവും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

2014 സെപ്തംബര്‍ ഒന്നനാണ് പിടിഐയുടേയും പിഎടിയുടേയും പ്രവര്‍ത്തകര്‍ പിടിവി ന്യൂസ്, പിടിവി വേള്‍ഡ് എന്നീ ചാനലുകളുടെ ഓഫീസുകള്‍ ആക്രമിക്കുകയും പ്രവര്‍ത്തനം ബലം പ്രയോഗിച്ച് താല്‍ക്കാലികമായി നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തത്. ഓഫ് എയര്‍ ആയ ചാനലുകള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് പ്രവര്‍ത്തിച്ചത്.

Top