ശബ്ദസന്ദേശം തിരിച്ചടിയായി; പിടിആറിന് ധന വകുപ്പിന് പകരം ഐടി വകുപ്പ് നൽകിയേക്കും

ചെന്നൈ : തമിഴ്നാട് ധന മന്ത്രി പി.ടി.ആർ.പളനിവേൽ ത്യാഗരാജൻ ഇനി ഐടി വകുപ്പിന്റെ ചുമതലയിലേക്കെന്ന് സൂചന. നാളെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഡിഎംകെയുടെ മുതിർന്ന നേതാവും എംപിയുമായ ടി.ആർ.ബാലുവിന്റെ മകൻ ടി.ആർ.ബി.രാജ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ക്ഷീരമന്ത്രി എസ്.എം.നാസറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി.

സ്റ്റാലിൻ കുടുംബത്തിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവന്നത് പാർട്ടിക്കും സർക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് അഴിച്ചുപണി. അനധികൃത സ്വത്തിനെക്കുറിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ക്ലിപ് കൃത്രിമമാണെന്നും പിടിആർ പറഞ്ഞെങ്കിലും സ്റ്റാലിൻ കടുത്ത അതൃപ്തിയിലായിരുന്നു.

വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശായിരിക്കും പുതിയ ധനമന്ത്രിയെന്നുമുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. നിലവിലെ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജ് ഇനി ക്ഷീര വകുപ്പിന്റെ ചുമതല വഹിക്കും. നാസറിനെ കൂടാതെ മറ്റ് 2 മന്ത്രിമാരെക്കൂടി മന്ത്രിസഭയിൽ നിന്നു നീക്കും. പകരം തമിഴരസി, ഡോ.എഴിലൻ തുടങ്ങിയ പുതുമുഖങ്ങളെ ഉൾപ്പെടുത്താനും തീരുമാനമായി.

Top