പി ടി ഉഷയുടെ പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 89 വയസായിരുന്നു. കായികതാരം പി ടി ഉഷയുടെ മുന്‍കാല പരിശീലകന്‍ ആയിരുന്നു. വടകരയിലെ മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1985ല്‍ രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് അദ്ദേഹം.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ലോകത്ത് പേരും പെരുമയും ഉണ്ടാക്കിയത് നമ്പ്യാരെന്ന പരിശീലകനും അദ്ദേഹത്തിന്റെ ശിഷ്യ പി ടി ഉഷയുമാണ്. പതിനാലര വര്‍ഷം ഉഷയെ നമ്പ്യാര്‍ പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ രാജ്യാന്തര തലത്തില്‍ ഈ ഗുരുവും ശിഷ്യയും ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. 1984 ല്‍ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. 1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ട് ഒളിംപിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തു. 2005ല്‍ ഹൈദരാബാദ് സെന്റ് സ്റ്റീഫന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീനിയര്‍ പരിശീലകനായും സേവനമനുഷ്ഠിച്ചു.

Top