രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പി ടി ഉഷ ദില്ലിയില്‍; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ മലയാളികളുടെ അഭിമാനമായ കായിക താരം പി ടി ഉഷ ദില്ലിയിലെത്തി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി പി ടി ഉഷ കൂടിക്കാഴ്ച നടത്തി. ബിജെപി ആസ്ഥാനത്തെത്തിയാണ് പിടി ഉഷ ജെ പി നദ്ദയെ കണ്ടത്. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന ഒഴിവിലേക്കാണ് കേരളത്തിൽ നിന്ന് പി ടി ഉഷയെ രാജ്യസഭാംഗമാക്കുന്നത്.

പി ടി ഉഷയെ കൂടാതെ സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇന്നലെ ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി ടി ഉഷയെ ബിജെപി എംപി മനോജ് തിവാരിയടക്കമുള്ളവരെത്തിയാണ് സ്വീകരിച്ചത്.

പയ്യോളി സ്വദേശിയായ ഉഷ ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. 1979ല്‍ നാഗ്‌പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്‌ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.

Top