അത്ലറ്റുകള്‍ക്ക് വാക്സീന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി ടി ഉഷ

pt-usha

കോഴിക്കോട്: ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്ലറ്റുകള്‍ക്കും മുന്‍ഗണനാക്രമത്തില്‍ വാക്സീന്‍ നല്‍കണമെന്ന് പി ടി ഉഷ. മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഉഷ ആവശ്യമുന്നയിച്ചത്.

ഒളിംപിക്സിന് തയ്യാറെടുക്കുന്ന താരങ്ങള്‍ക്കുളള വാക്സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍ വരാനിരിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന അത്ലറ്റുകളും പരിശീലകരുമെല്ലാം വാക്സിനേഷന്‍ മുന്‍ഗണനാപട്ടികയ്ക്ക് പുറത്താണ്. ഇവരെ പ്രത്യേകം പരിഗണിച്ച് വാക്സീന്‍ നല്‍കണമെന്നാണ് പി ടി ഉഷ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനെയും ടാഗ് ചെയ്താണ് ട്വിറ്ററില്‍ ഉഷയുടെ അഭ്യര്‍ത്ഥന. ഒളിംപിക്സിന് തയ്യാറെടുക്കുന്നവരില്‍ അഞ്ച് പേരൊഴികെ എല്ലാവരും ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചു കഴിഞ്ഞു. കൊവിഡ് ബാധിതരായതിനാല്‍ ബോക്സര്‍ സിമ്രാന്‍ജീതിനും ഷൂട്ടര്‍മാരായ രാഹി സര്‍നോബാത്, സൗരഭ് ചൌധരി, ദീപക് കുമാര്‍, മെയ് രാജ് അഹമ്മദ് ഖാന്‍ എന്നിവര്‍ക്ക്വാക്സീനെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

പങ്കെടുക്കുന്നവര്‍ വാക്സീനെടുത്തിരിക്കണം എന്ന് ഒളിംപിക് കമ്മിറ്റിയുടെ നിബന്ധന ഇല്ലെങ്കിലും ഒളിംപിക്സിനിടെയുണ്ടായേക്കാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് മുഴുവന്‍ താരങ്ങള്‍ക്കും വാക്സീനെടുക്കുന്നത് എന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിക്കുന്നത്. ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങുന്നത്. ടോക്യോയില്‍ എത്തും മുന്‍പ് പരമാവധി പേര്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ നല്‍കുകയാണ് ഐഓഎ ലക്ഷ്യമിടുന്നത്.

 

Top