കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയർ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ

ഡൽഹി: കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പി.ടി ഉഷ എം.പി രം​ഗത്ത്. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കായിക താരങ്ങള്‍ മാത്രമായിരുന്നു മരുന്നടിയുടെ പേരില്‍ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കില്‍ ഇപ്പോഴത് ജൂനിയര്‍ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണ്. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്നും പി.ടി ഉഷ വ്യക്തമാക്കി.

പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണെന്ന് പി.ടി ഉഷ നേരത്തേ പ്രതികരിച്ചിരുന്നു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക് വളർത്തുകയാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവിടില്ല’- പി.ടി ഉഷ പറഞ്ഞു.

ഓരോ ഭാരതീയനും പ്രചോദനമാണ് പി.ടി ഉഷയെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്ലറ്റുകളെ വാർത്തെടുക്കുന്നതിൽ അവരുടെ പ്രവർത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. ട്വിറ്ററിൽ പി.ടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി പി.ടി ഉഷയെ പുകഴ്ത്തി രം​ഗത്തെത്തിയത്.

Top