ലോകമീറ്റിനുള്ള ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതില്‍ ന്യായീകരണവുമായി പിടി ഉഷ

കോഴിക്കോട്: ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതില്‍ ന്യായീകരണവുമായി പി ടി ഉഷ.

ലോക നിലവാരമുള്ള പ്രകടനം നടത്തിയ താരങ്ങളെ മാത്രം തിരഞ്ഞെടുത്താല്‍ മതിയെന്ന് സമിതി തീരുമാനിച്ചിരുന്നു. എങ്കിലും ചിത്രയെ ലണ്ടനിലേക്ക് അയക്കാനായിരുന്നു തനിക്ക് താല്‍പര്യമെന്നും സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും ഉഷ വ്യക്തമാക്കി.

കൂടാതെ, താന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ല. നിരീക്ഷക മാത്രമാണെന്നും ഉഷ പറഞ്ഞു.

പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയില്‍ ലോകമീറ്റില്‍ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളികളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി വെട്ടിയത്.

സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും പറയുന്നു.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന വന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ചിത്രക്ക് ലഭിച്ച അവസരമാണ് ഇതോടെ ഇല്ലാതായത്.

കേരളത്തില്‍ നിന്ന് മാരത്തണ്‍ താരം ടി. ഗോപി, നടത്തക്കാരന്‍ കെ.ടി. ഇര്‍ഫാന്‍, 400 മീറ്ററില്‍ മുഹമ്മദ് അനസ് എന്നിവരാണ് വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്നത്.

അനില്‍ഡ തോമസ്, അനു രാഘവന്‍, ജിസ്‌ന മാത്യു, കുഞ്ഞുമുഹമ്മദ്, സചിന്‍ റോബി, ആമോജ് ജേക്കബ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് പുരുഷ, വനിത റിലേ ടീമുകളിലുള്‍പ്പെട്ട മലയാളി താരങ്ങള്‍.

ടോണി ഡാനിയേലാണ് 24 അംഗ ടീം മാനേജര്‍. രാധാകൃഷ്ണന്‍ നായര്‍ ഡെ. ചീഫ് കോച്ചായും പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ കോച്ചുമാരായും ഇന്ത്യന്‍ ടീമിനൊപ്പം ലണ്ടനിലേക്ക് പോവും.

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പാലക്കാട് എം.പി എം.ബി രാജേഷ് എന്നിവര്‍ സംഭവത്തില്‍ ഇടപെടുകയും കേന്ദ്ര കായിക മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Top