കമ്മ്യൂണിസ്റ്റ് കുടുംബത്തെയാണ് പി.ടി സഹായിക്കാന്‍ ശ്രമിച്ചത്, മറക്കരുത്

ഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ഒരുപാടുള്ള നാടാണ് കേരളം. അതു പോലെ തന്നെ അഴിമതി രഹിതമായ ജീവിതം നയിക്കുന്നവരും ഒരുപാടുണ്ട് ഈ മണ്ണില്‍. താരതമ്യേന ഈ ലിസ്റ്റില്‍ പെടുന്നവരില്‍ നല്ലൊരു വിഭാഗവും കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. കോണ്‍ഗ്രസ്സില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടാന്‍ ചുരുക്കം ചിലരാണുള്ളത്. അവരില്‍ പ്രധാനിയാണ് തുക്കാക്കര എം.എല്‍.എ പി.ടി തോമസ്. നിലപാടുകളുടെ കാര്യത്തില്‍ പി.ടിയെ കണ്ടു പഠിക്കണമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും പറയുക. രാജ്യത്തെ മികച്ച എം.പിമാരുടെ ലിസ്റ്റില്‍ മുന്‍പ് ഇടം പിടിച്ച പി.ടിക്ക് 2014ല്‍ സീറ്റ് നിഷേധിക്കപ്പെട്ടത് നിലപാടിലെ കാര്‍ക്കശ്യം മൂലമാണ്.

ഒരു ബിഷപ്പിന് മുന്നിലും തല കുനിക്കില്ലെന്ന ആ ധീരത രാഷ്ട്രീയ കേരളത്തെയാണ് അത്ഭുതപ്പെടുത്തിയിരുന്നത്. പശ്ചിമഘട്ട സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഏറ്റവും ശക്തമായി വാദിച്ചിരുന്ന നേതാവാണ് പി.ടി തോമസ്. ഇടുക്കി ബിഷപ്പിനെയാണ് അദ്ദേഹം ധിക്കരിച്ചിരുന്നത്. സഭയുടെ കോപം ഭയന്ന് പി.ടിക്ക് കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതും ചരിത്രമാണ്. അധികാര സ്ഥാനം കിട്ടാന്‍ വേണ്ടി ആര്‍ക്കും മുന്നില്‍ തലകുനിയ്ക്കുന്ന പതിവ് പിടി തോമസിനില്ല. ഇടുക്കിയിലെ ഭൂമാഫിയകളുടെ കോടികളുടെ ഓഫറിനു മുന്നില്‍ വഴങ്ങാത്ത പി.ടിയെ ആര് അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചാലും അതിനോട് യോജിക്കാന്‍ കഴിയുകയില്ല.

ഒരു കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ചതിനാണ് പി.ടി തോമസ് ഇപ്പോള്‍ പഴി കേള്‍ക്കുന്നത്. കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തെങ്കില്‍ അത് കൊണ്ടുവന്നവനെയാണ് ആദ്യം പൊക്കേണ്ടത്. ആദായ നികുതി വകുപ്പാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത്. ഇവിടെ പി.ടി തോമസിന്റെ വാദം പരിശോധിച്ചാല്‍ തന്നെ നടന്നത് എന്താണെന്ന് വ്യക്തമാകുന്നതാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ദിനേശന്റെ കുടികിടപ്പ് തര്‍ക്കത്തിലാണ് പി.ടി തോമസ് ഇടപെട്ടിരിക്കുന്നത്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ കടമയുമാണ്.

ദിനേശന്റെ മകനും തന്റെ മുന്‍ ഡ്രൈവറുമായ രാജശേഖരന്റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു പി.ടി ഇടപെട്ടിരുന്നത്. ഇക്കാര്യം ആ കുടുംബാംഗങ്ങള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. കുടികിടപ്പ് തര്‍ക്കത്തിലാണ് ഇവിടെ മധ്യസ്ഥചര്‍ച്ച നടന്നിരിക്കുന്നത്. ഇത്തരം മധ്യസ്ഥ ചര്‍ച്ചകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ജനപ്രതിനിധികള്‍ നടത്താറുണ്ടെന്നതും ഓര്‍ക്കണം. ഇവിടെ പി.ടിയുടെ മധ്യസ്ഥതയില്‍ എടുത്ത തീരുമാനത്തിന് കരാറുമുണ്ട്. ‘കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ’ എന്ന പി.ടിയുടെ ചോദ്യവും ഏറെ പ്രസക്തമാണ്. കള്ളപ്പണമാണ് നല്‍കാന്‍ ശ്രമിച്ചതെങ്കില്‍ പണം കൊണ്ടുവന്നയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് തന്നെയാണ് എം.എല്‍.എയും ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എന്നിവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കൊപ്പം കളളപ്പണ ഇടപാടിന് പി.ടി തോമസ് ശ്രമിച്ചു എന്ന ആരോപണം തന്നെ പരിഹാസമാണ്. ‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ പി.ടി ഇറങ്ങി ഓടിയെന്നു പറയുന്നത് തന്നെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുവാനാണ്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രാമകൃഷ്ണന്‍ എന്നയാളില്‍ നിന്നാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ഇത് കള്ളപ്പണമാണോ എന്ന് വ്യക്തമാകണമെങ്കില്‍ പരിശോധനകളും പൂര്‍ത്തിയാവേണ്ടതുണ്ട്. രാമകൃഷ്ണന് പണത്തിന്റെ ഉറവിടം കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലാണ് ഇത് കള്ളപ്പണമായി മാറുക. അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്ത ആദായ നികുതി വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെ ഇക്കാര്യത്തില്‍ മാധ്യമങ്ങളും കാത്തിരിക്കുകയാണ് വേണ്ടത്.

തെറ്റ് ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത്. അതല്ലാതെ സഹായിക്കാന്‍ ചെല്ലുന്നവരാകരുത്. പണം കൊണ്ട് വന്നത് പി.ടി തോമസല്ല അക്കൗണ്ടില്‍ പണം നല്‍കണമെന്ന് കരാറില്‍ എഴുതിയത് കള്ളപ്പണം വെളുപ്പിക്കാനുമല്ല. ചതി നടന്നിട്ടുണ്ടെങ്കില്‍ ചതിച്ചവരാണ് അഴിക്കുള്ളിലാകേണ്ടത്. പി.ടിയെ വേട്ടയാടാന്‍ ശ്രമിക്കുന്നവര്‍ നാളെ തങ്ങള്‍ക്കും ഇതേ ഗതി വരാന്‍ സാധ്യതയുണ്ടെന്ന കാര്യവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top