ട്വന്റി-ട്വന്റി പിണറായി വിജയന്റെ ബി ടീമെന്ന് പി.ടി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി-ട്വന്റി എന്ന് പിടി തോമസ്. കിഴക്കമ്പലം കമ്പനി മുതലാളി പിണറായി വിജയനുമായി ചേര്‍ന്ന് ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. വളരെ ആസൂത്രിതമാണ് ഇത്. ഇവര്‍ രണ്ടു പേരും തമ്മില്‍ ധാരണയുണ്ട്. സിപിഎം മത്സരിക്കുന്ന സ്ഥലങ്ങളിലൊന്നും ട്വന്റി ട്വന്റിക്ക് സ്ഥാനാര്‍ഥികളില്ല. കോണ്‍ഗ്രസിനെ വീഴ്ത്തിക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ട സ്ഥാനാര്‍ഥികളാണ് ട്വന്റി ട്വന്റിയുടേതെന്നും പിടി തോമസ് പറഞ്ഞു.

‘ഒരിക്കല്‍ നിയമസഭയില്‍ പിണറായി വിജയനെതിരേ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. അന്ന് പിടി തോമസേ പിണറായി വിജയനെ തനിക്ക് അറിയില്ല എന്നാണ് അന്ന് അദ്ദേഹം എനിക്ക് മറുപടി നല്‍കിയത്. പിടി തോമസിനെ ടിപി ചന്ദ്രശേഖരന്‍ ആക്കും എന്ന ധ്വനിയാണ് ഇതിലുള്ളത്, ശ്രദ്ധിക്കണം എന്നാണ് എന്നോട് പല സുഹൃത്തുക്കളും പറഞ്ഞത്.

അന്ന് മുതല്‍ ഞാന്‍ കരുതലോടെയാണ് നടക്കുന്നത്. രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാനുള്ള ശ്രമമായാണ് പിണറായി വിജയന്‍ ബി ടീമായി ട്വന്റി ട്വന്റിയെ ഇറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥികളെല്ലാം നിരപരാധികളാണ്. കളിയറിയാതെ ആട്ടം കാണുകയാണ് അവര്‍. ‘ എറണാകുളം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടും. അതിനായി മികച്ച സ്ഥാനാര്‍ഥികളെയാണ് യുഡിഎഫ് അണിനിരത്തിയിരിക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.

 

Top