ആയിരം വിജിലന്‍സ് വന്നാലും ഭയമില്ല, തൂക്കികൊന്നാലും നിലപാട് തുടരും; പി.ടി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാം എന്ന് ധരിക്കേണ്ടെന്ന് പി.ടി.തോമസ് എം.എല്‍.എ. നിയമസഭയ്ക്ക് അകത്തും പുറത്തും എംഎല്‍എ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും പിണറായി സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരേ ശക്തമായ ചില നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. തൂക്കിക്കൊന്നാലും ആ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘2006-11 കാലയളവില്‍ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ എന്റെ പേരില്‍ രണ്ടു വിജിലന്‍സ് അന്വേഷണം നടത്തി. അതിന്റെ ഫയലുകള്‍ വിവരാവകാശം വെച്ചുവാങ്ങി ഞാന്‍ കൈയില്‍ സൂക്ഷിക്കുന്നുണ്ട്. ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും എനിക്കതില്‍ ഭയമില്ല.

മുഖ്യമന്ത്രി പറയുന്നതു പോലെ അല്ല, എനിക്കാരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ ചെയ്തികള്‍ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണം എന്ന പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top