കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എല്‍ഡിഎഫ് ആണെന്ന് പിടി തോമസ്

കൊച്ചി: കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എല്‍ഡിഎഫ് ആണെന്ന് പിടി തോമസ്. ജോസ് കെ. മാണി ഇടതു മുന്നണിയില്‍ പോയപ്പോഴാണ് അദ്ദേഹത്തിന് ശാന്തി കിട്ടാതായത്. നിയമസഭയിലെ കയ്യാങ്കളി കേസ് പൊലീസിന് വിട്ടത് മാണിയുടെ സമ്മതത്തോടെ. ഏത് നിലപാടിനെയാണ് മാണി ഗ്രൂപ്പ് പിന്തുണക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാണിയെ അന്ന് വിഎസും കോടിയേരിയും ഉള്‍പ്പെടെ അന്ന് അപമാനിച്ചു. നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് പറഞ്ഞ് നടന്നത് സിപിഎം നേതാക്കളാണ്. ജോസ് കെ. മാണി പ്രതികരിച്ചാല്‍ സ്വന്തം പിതാവിനെ തള്ളിപ്പറയണം. അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടത് സര്‍ക്കാറിന് തിരിച്ചടിയേറ്റതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെതിരെ കൂടുതല്‍ പരിഹാസവും വിമര്‍ശനവും ഉന്നയിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിനോടുള്ള ഇടത് ബന്ധം ധൃതരാഷ്ട്രാലിംഗനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.

മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച ഇടതിനൊപ്പം തുടരാന്‍ കേരള കോണ്‍ഗ്രസിന് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും മാണിക്ക് സ്വസ്ഥത നല്‍കാത്തത് യുഡിഎഫാണെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ മറുപടി.

 

Top