പി.ടിയുടെ നിലപാടിനെ ‘നിഷേധിക്കുന്ന’ കോൺഗ്രസ്സ് നിലപാട് അവസരവാദപരം

പി.ടി തോമസ് ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കില്‍ ഒരിക്കലും… ട്വന്റി ട്വന്റിയുടെ വോട്ട് തേടില്ലായിരുന്നു. കിറ്റക്‌സ് മുതലാളിയുടെയും  അദ്ദേഹം നയിക്കുന്ന ട്വന്റി ട്വന്റി എന്ന അരാഷ്ട്രീയ കൂട്ടത്തിനും എതിരായ പ്രഹരം കൂടി ആയിരുന്നു പിടിയുടെ വിജയം. സി. എസ്.ആര്‍.ഫണ്ട് വിവിധ ക്രമക്കേടുകള്‍ പരിസ്ഥിതി മലനീകരണം… തുടങ്ങി… നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് കിറ്റക്‌സിനെതിരെ പി.ടി തോമസ് പടനയിച്ചിരുന്നത്. അതു കൊണ്ടു തന്നെ അവരുടെ നമ്പര്‍ വണ്‍ ശത്രുവും  പി.ടി തോമസ് തന്നെ ആയിരുന്നു. അതാകട്ടെ, നൂറു കോടിയുടെ മാനനഷ്ട കേസില്‍ തുടങ്ങി പി.ടിക്കെതിരെ  ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ വരെയാണ് കലാശിച്ചിരുന്നത്. ആളും പണവും നല്‍കി പി.ടിയെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിച്ചതും  കിറ്റക്‌സ് മുതലാളി സാബു ജേക്കബാണ്. ഇതിനായി കിഴക്കമ്പലത്തു നിന്നും പ്രവര്‍ത്തകരെ തൃക്കാക്കരയില്‍ വ്യാപകമായി വിന്യസിച്ചാണ്  പ്രചരണവും നടത്തിയിരുന്നത്. എന്നാല്‍ അതു കൊണ്ടൊന്നും പി.ടി എന്ന  നിലപാടുള്ള മനുഷ്യനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.14,329 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിനാണ്  പി.ടി വെന്നിക്കൊടി പാറിച്ചിരുന്നത്. അട്ടിമറി ലക്ഷ്യമിട്ട് ഇറങ്ങിയ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാകട്ടെ  13,897 വോട്ടുകളാണ്. അന്നു ട്വന്റി ട്വന്റിക്ക് ഉണ്ടായ സ്വീകാര്യത പോലും  ഇപ്പോള്‍ ആ പാര്‍ട്ടിക്ക്  കിറ്റക്‌സ് സ്ഥാപനമുള്ള കുന്നത്തുനാട് മണ്ഡലത്തില്‍പ്പോലും ഇല്ല. അതു കൊണ്ടാണ്, ഇടതുപക്ഷത്തിന് അവിടെ അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞിരുന്നത്. അരാഷ്ട്രീയ ശക്തികളുടെ രാഷ്ട്രീയ അജണ്ടയ്ക്ക്  രാഷ്ട്രീയ കേരളം നല്‍കിയ പ്രഹരമാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലും കുന്നത്തു നാട്ടിലും കണ്ടിരുന്നത്. തോല്‍പ്പിക്കുമെന്ന് ട്വന്റി ട്വന്റിയും കിറ്റക്‌സ് മുതലാളിയും ശപഥം ചെയ്തവരാണ്  ഈ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ട്വന്റി ട്വന്റിയുടെയും മറ്റൊരു അരാഷ്ട്രീയ കൂട്ടമായ ആം ആദ്മി പാര്‍ട്ടിയുടെയും, വോട്ടിനു പിന്നാലെ നടക്കുന്നത്, ഏത് രാഷ്ട്രീയപാര്‍ട്ടി ആയാലും, അത് ഒരിക്കലും, ശരിയായ നിലപാടല്ല.


തൃക്കാക്കരയില്‍, ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കവെ ആംആദ്മി – ട്വന്റി ട്വന്റി സഖ്യത്തിന്റെ വോട്ട് തേടി ആദ്യം രംഗത്തു വന്നിരിക്കുന്നത് യുഡിഎഫ് ആണ്. മത്സരത്തിനിറങ്ങുമ്പോള്‍  ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന മുഖവുരയോടെയാണ്, നാലാം മുന്നണിയോട്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വോട്ടഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും, ഒരിക്കലും ഇടതിനോട് യോജിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ പുതിയ മുന്നണിയുടെ പിന്തുണ തേടുകയാണെന്നുമാണ അദ്ദേഹത്തിന്റെ വിശദീകരണം. സമാന അഭിപ്രായം തന്നെയാണ്  പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്നോട്ട് വച്ചിരിക്കുന്നത്. പി.ടിയുടെ നിലപാടിനെയാണ് ഇതോടെ ഈ നേതാക്കള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. തോറ്റാലും, ഒരു കിറ്റക്‌സ് മുതലാളിയുടെയും മുന്നില്‍ തലകുനിക്കാത്ത പി.ടിയെ ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അപമാനിച്ചിരിക്കുന്നത്. ഇതിനുള്ള വോട്ടര്‍മാരുടെ പ്രതികരണം എന്താണെന്നത്  തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുക തന്നെ ചെയ്യും.

അതേസമയം  മാപ്പ് പറയണമെന്ന ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ ആവശ്യത്തെ അംഗീകരിക്കില്ലന്ന്, സി.പി.എം നേതാവും മന്ത്രിയുമായ എം.വി ഗോവിന്ദന്‍മാസ്റ്റര്‍ തുറന്നടിച്ചിട്ടുണ്ട്. സര്‍ക്കാറിന് സ്വന്തം നിലപാടുണ്ടെന്നും, അത് ആരെങ്കിലും പറഞ്ഞത് കൊണ്ട് മാറ്റാനാവില്ലന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വ്യവസായ വകുപ്പ് ഒരു നിലപാട് സ്വീകരിക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനികളെയോ കണ്ടല്ലന്ന നിലപാടും സ്വാഗതാര്‍ഹമാണ്. ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഉണ്ടാകേണ്ട നിലപാടു തന്നെയാണിത്. അഴിമതി വിരുദ്ധ നിലപാടുള്ളവര്‍ക്കും വികസനത്തെ പിന്തുണക്കുന്നവര്‍ക്കും, സ്വാഭാവികമായും ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരുമെന്നതാണ് ഇടതുപക്ഷ നിലപാട്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക്, ഇടത് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍, സി.പി.എം നേതൃത്വത്തിന് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത്.

ആം ആദ്മി-ട്വന്റി ട്വന്റി ജനക്ഷേമ സഖ്യം മുന്നോട്ടുവെക്കുന്ന നിലപാടുകള്‍, ഇടതു നിലപാടുകളാണ് എന്നാണ്  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഴിമതി, വികസനം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളും  വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തിലേക്ക് വരണമെന്ന കാഴ്ചപ്പാടും മുന്‍ നിര്‍ത്തിയാണ്, സ്വരാജ് ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ജനക്ഷേമസഖ്യത്തിന് ആശയപരമായി പിന്തുണക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനവും ഇടതുപക്ഷമാണെന്നാണ്  അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും  സ്വരാജ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് …കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവരോടുള്ള ആഹ്വാനം കൂടിയാണ്.അതല്ലാതെ  ഏതെങ്കിലും കോര്‍പ്പറേറ്റുകളാടുള്ള അഭ്യര്‍ത്ഥനയായി വിലയിരുത്താന്‍ കഴിയുകയില്ല. കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളില്‍, പ്രകടമായ വ്യത്യാസം ഉണ്ടെന്നത്, ഈ വാക്കുകളില്‍ തന്നെ വ്യക്തമാണ്.ഉപതിരഞ്ഞെടുപ്പായാലും പൊതു തിരഞ്ഞെടുപ്പായാലും  അരാഷ്ട്രീയ കൂട്ടങ്ങളും  കോര്‍പ്പറേറ്റുകളും വിജയിക്കുക എന്നത്  ജനാധിപത്യ രാജ്യത്തിന് ഒരിക്കലും നല്ലതല്ല.

ഇവര്‍ക്ക് പാതയൊരുക്കാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സ്വയം തിരുത്തലിന് തയ്യാറാകണം.
ട്വന്റി ട്വന്റി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാടും  ഈ ഘട്ടത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്. കേരളം പോരാളികളുടെ നാടാണ്  പൊരുതി നേടിയ അവകാശങ്ങളാണ് ഈ നാടിന്റെ കരുത്ത്. പ്രബുദ്ധരായ ഈ ജനത ഒരിക്കലും കോര്‍പ്പറേറ്റ് മേധാവിത്വത്തെ പുല്‍കുകയില്ല. അത് തിരിച്ചറിയുന്നതു കൊണ്ടാണ്  മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്നു സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.സാബു ജേക്കബിനെ പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക്, നാടു ഭരിക്കാനും മുഖ്യമന്ത്രിയാകാനും ആഗ്രഹമുണ്ടാകും കെജരിവാളിനെ ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയതും സഖ്യമുണ്ടാക്കിയതും എല്ലാം  വ്യക്തമായ അജണ്ട മുന്‍ നിര്‍ത്തി തന്നെയാണ്. ആ ‘പരിപ്പ്’ പക്ഷേ, ഈ മണ്ണില്‍ വേവുകയില്ല. ഇനി അഥവാ വെന്തു തുടങ്ങിയാല്‍, അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വവും കോണ്‍ഗ്രസ്സിനു മാത്രമായിരിക്കും. കാരണം അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ്  അരാഷ്ട്രീയ കൂട്ടങ്ങള്‍ക്ക് പാതയൊരുക്കുന്നത്.

ട്വന്റി ട്വന്റി ആധിപത്യം സ്ഥാപിച്ച് തുടങ്ങിയത് തന്നെ  ഏറെക്കാലം കോണ്‍ഗ്രസ്സ് ഭരണമുണ്ടായ കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നുമാണ്. ആം ആദ്മി പാര്‍ട്ടി രാജ്യത്ത് വളര്‍ന്നതും കോണ്‍ഗ്രസ്സിന്റെ കോട്ടകള്‍ തകര്‍ത്തു കൊണ്ടാണ്…ഡല്‍ഹി പഞ്ചാബ് സംസ്ഥാനങ്ങള്‍ തന്നെ, ഇതിനു വലിയ ഉദാഹരണങ്ങളാണ്. കേരളത്തില്‍ ഈ സഖ്യം വേരുറപ്പിച്ചാല്‍  വേരറ്റു പോകാന്‍ പോകുന്നതും, ഇതേ കോണ്‍ഗ്രസ്സു തന്നെയായിരിക്കും. തൃക്കാക്കരയില്‍  ട്വന്റി ട്വന്റി – ആം ആദ്മി വോട്ടിനു പിന്നാലെ പോകുന്ന  കോണ്‍ഗ്രസ്സ് നേതാക്കള്‍, അതും …ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഇടതുപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് സി.പി.എം വോട്ട് ബാങ്കുകള്‍ തകര്‍ക്കുക എന്നത് പ്രയാസമാണ്. ഇതിനെല്ലാം പൊതുവായി ഒരു കേഡര്‍ സ്വഭാവമുണ്ട്. പാര്‍ട്ടി വോട്ടുകള്‍ ചുവപ്പു കോട്ടകളില്‍ നിന്നും ചോര്‍ത്തുക എളുപ്പമല്ല. എന്നാല്‍  കോണ്‍ഗ്രസ്സിന്റെ അവസ്ഥ അങ്ങനെയല്ല, ആര്‍ക്കും എത് നിമിഷവും ഭിന്നിപ്പിക്കാന്‍ കഴിയുന്ന വോട്ട് ബാങ്കാണത്. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചവരാണ്  ഒന്നുമല്ലാത്ത അവസ്ഥയിലേക്കാണ് ചുരുങ്ങിപ്പോയിരിക്കുന്നത്. വെറും രണ്ടു സംസ്ഥാനത്തു മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഭരണമുളളത്. അതും എത്രനാള്‍ എന്നതും  വലിയ ഒരു ചോദ്യം തന്നെയാണ്….

EXPRESS KERALA VIEW

 

Top