ഭീതി വിതച്ച് പി ടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍; വീടിന്റെ മതില്‍ തകര്‍ത്തു

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടുകൊമ്പൻ പി ടി സെവൻ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകർത്തത്. നെൽകൃഷിയും നശിപ്പിച്ചു.

പിടി സെവൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ആർആർടി സംഘം നിരീക്ഷണം ശക്തമാകുന്നതിനിടെയാണ്, വനംവകുപ്പ്, ആർആർടി സംഘങ്ങളുടെ കണ്ണുവെട്ടിച്ച് കാട്ടാന നാട്ടിലിറങ്ങിയത്. ആളെക്കൊല്ലിയായ കാട്ടുകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതിൽ നാട്ടുകാർ ആശങ്കയിലാണ്.

അതേസമയം, പിടി സെവനെ പിടികൂടാനുള്ള വയനാട്ടിൽ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം.

പിടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാൽ വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്താനാണ് സമിതിയുടെ തീരുമാനം.

Top